അനുമതിയില്ലാത്ത സിദ്ദിഖ് ദിലീപിനെ കാണാന്‍ ജയിലില്‍, ഗണേഷ് കുമാര്‍ എത്തിയത് എംഎല്‍എ എന്ന നിലയില്‍, തീരുമാനങ്ങളെല്ലാം ജയില്‍ സൂപ്രണ്ടന്റിന്റേത്

കൊച്ചി: ജയിലില്‍ ദിലീപിനു സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതരക്രമക്കേടുകളെന്നു രേഖകള്‍. വിവരാവകാശ പ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നു മാതൃഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സിനിമാപ്രവര്‍ത്തകര്‍ ജയിലില്‍ എത്തിയതെന്നും സന്ദര്‍ശക രേഖയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന സമയത്ത് നടന്‍ ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം നടന്നുവെന്നാണ് ജയില്‍ രേഖകള്‍. നടന്‍ സിദ്ദിഖില്‍ നിന്ന് അപേക്ഷ പോലും വാങ്ങാതെയാണ് ദിലീപിനെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയത്. നടനും എം.എല്‍.എയുമായ കെ.ബി ഗണേഷ്‌കുമാര്‍ ജയിലില്‍ എത്തിയതും കേസുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ്. ജയില്‍ ഡി.ജി.പിയുടെ ശുപാര്‍ശ പ്രകാരം ജയില്‍ സുപ്രണ്ടിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് ഇവര്‍ക്കെല്ലാം സന്ദര്‍ശന അനുമതി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അവധി ദിവസങ്ങളില്‍ പോലും സന്ദര്‍ശനം അനുവദിച്ചതായും ജയില്‍ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. നടന്‍ ജയറാമില്‍ നിന്ന് മതിയായ രേഖകള്‍ വാങ്ങാതെയാണ് ദിലീപിന് ഓണക്കോടി കൈമാറാന്‍ അനുമതി നല്‍കിയയെന്നും റിപ്പോര്‍ട്ടിലുണ്ട്.

SHARE