വാഹനാപകടത്തില്‍ മരിച്ചാല്‍ നഷ്ടപരിഹാരം നല്‍കുന്നതു പ്രായം കണക്കാക്കി, നഷ്ടപരിഹാരം ബന്ധുക്കള്‍ക്ക് അപ്രതീക്ഷിത നേട്ടമാവാന്‍ പാടില്ലെന്നു സുപ്രീം കോടതി….

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന വിധിയുമായി സുപ്രീംകോടതി. മരിച്ചയാളുടെ മുന്നോട്ടുള്ള ഭാവി കൂടി കണക്കിലെടുത്ത് വരുമാനം എങ്ങനെ നിശ്ചയിക്കണമെന്നതു സംബന്ധിച്ച മാര്‍ഗരേഖയാണ് ഭരണഘടനാ ബെഞ്ച് തയ്യാറാക്കിയത്. നഷ്ടപരിഹാരം നല്‍കുന്നതിനു മുന്‍പ് മരിച്ചയാളുടെ പ്രായവും വരുമാനവും മാനദണ്ഡമാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.

സ്ഥിരംജോലിയുണ്ടായിരുന്ന, 40ല്‍ താഴെയുള്ള വ്യക്തിയാണെങ്കില്‍ യഥാര്‍ഥശമ്പളത്തിന്റെ (നികുതി കിഴിച്ചുള്ളത്) കൂടെ 50 ശതമാനം കൂടി അധികമായി ചേര്‍ത്ത് വേണം വരുമാനം കണക്കാക്കാന്‍. 40 മുതല്‍ 50 വയസ്സു വരെയാണെങ്കില്‍ വരുമാനത്തിന്റെ 30 ശതമാനവും 50 മുതല്‍ 60 വരെയാണെങ്കില്‍ 15 ശതമാനവും അധികം ഇന്‍ഷുറന്‍സ് നല്‍കണം. നികുതിയൊഴിച്ചുള്ള വരുമാനമായിരിക്കണം കണക്കാക്കേണ്ടത്. താല്‍ക്കാലിക ജോലിയുള്ളവര്‍ക്ക് നഷ്ടപരിഹാരത്തില്‍ നേരിയ കുറവു മാത്രമേ വരുത്താന്‍ പാടുള്ളൂവെന്നും കോടതി നിര്‍ദേശിക്കുന്നു. അഞ്ചംഗ ബെഞ്ചിന്റേതാണ് ഈ സുപ്രധാന വിധി.

സ്ഥിരജോലിക്കാരുടെയും സ്വന്തം തൊഴില്‍ ചെയ്തിരുന്നവരോ സ്ഥിരശമ്പളക്കാരോ ആയിരുന്നവരെയും വെവ്വേറെ പരിഗണിച്ചാണ് പ്രായപരിധിയുടെ അടിസ്ഥാനത്തില്‍ മാര്‍ഗരേഖ തയ്യാറാക്കിയത്. നഷ്ടപരിഹാരം ഒരിക്കലും പൂര്‍ണതയോടെ കണക്കാക്കാനാവില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. പണം ജീവന് പകരമാവില്ലെന്നത് വസ്തുതയാണ്. നഷ്ടപരിഹാരം എന്നത് മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് അപ്രതീക്ഷിതമായ വന്‍ നേട്ടമാവാന്‍ പാടില്ല. അതേസമയം, തുക തുച്ഛമാവാനും പാടില്ല. രണ്ടിനുമിടയ്ക്ക് സന്തുലനം കണ്ടെത്തണമെന്നും ബെഞ്ച് നിരീക്ഷിച്ചു.

SHARE