നികുതി വെട്ടിപ്പില്‍ കുടുങ്ങി അമല പോളും, ഒരു കോടിയുടെ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പോണ്ടിച്ചേരിയില്‍, ഓടുന്നത് ഇടപ്പള്ളിയില്‍

കൊച്ചി: നടി അമല പോളിന്റെ കാര്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപണം. അമല പോള്‍ ഉപയോഗിക്കുന്ന മെഴ്‌സിഡസ് ബെന്‍സ് കാര്‍ പോണ്ടിച്ചേരിയിലാണു രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പോണ്ടിച്ചേരിയില്‍ ഒരു എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ തനിക്ക് അമല പോളിനെ അറിയില്ലെന്നാണ് വിദ്യാര്‍ഥി പറയുന്നത്.

ഓഗസ്റ്റ് നാലിന് ചെന്നൈയിലെ ട്രാന്‍സ് കാര്‍ ഡീലറില്‍ നിന്നാണ് അമലാ പോള്‍ ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന എസ് ക്ലാസ് ബെന്‍സ് കാര്‍ വാങ്ങിയത്. ഓഗസ്ത് ഒമ്പതിന് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ സംസ്ഥാന ഖജനാവിലേക്ക് നികുതി ഇനത്തില്‍ 20 ലക്ഷം രൂപ അമലാ പോള്‍ നല്‍കേണ്ടിയിരുന്നു.

കേരളത്തിലെ വാഹന നിയമം അനുസരിച്ച് അന്യസംസ്ഥാനത്തു നിന്നുള്ള കാര്‍ ഇവിടെ ഓടിക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ രജിസ്ട്രേഷന്‍ ഉടമയുടെ പേരിലേക്കു മാറ്റുകയും വാഹന വിലയുടെ 20 ശതമാനം റോഡ് നികുതിയായി അടയ്ക്കുകയും ചെയ്യണം. ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതുവരെ വാഹനമോടിക്കാന്‍ 1500 രൂപയുടെ താത്കാലിക രജിസ്‌ട്രേഷന്‍ എടുത്താല്‍ മതിയാവും.

എന്നാല്‍ പോണ്ടിച്ചേരിയിലെ നികുതി ആനുകൂല്യം മുതലാക്കി ഒന്നേകാല്‍ ലക്ഷം രൂപ മാത്രം നികുതി നല്‍കിയാണ് കാര്‍ രജിസ്ട്രേഷന്‍ നടത്തിയിരിക്കുന്നത്. പോണ്ടിച്ചേരിയിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കിലും കാര്‍ ഓടുന്നത് കൊച്ചി ഇടപ്പള്ളിയിലാണ്.

SHARE