ഗര്‍ഭം അലസിപ്പിക്കാന്‍ സ്ത്രീക്ക് ഭര്‍ത്താവിന്റെ സമ്മതം വേണ്ട, ഉത്പ്പന്നം സൃഷ്ടിക്കുന്ന മെഷീനല്ല സ്ത്രീ, നിര്‍ണായക വിധിയുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: ഒരു സ്ത്രീക്ക് തന്റെ ഗര്‍ഭം അലസിപ്പിക്കാന്‍ ഭര്‍ത്താവിന്റെ സമ്മതം വേണ്ടെന്ന പഞ്ചാബ് -ഹരിയാന ഹൈക്കോടതി വിധി ശരിവച്ച് സുപ്രീം കോടതി. ഗര്‍ഭാവസ്ഥ തുടരാന്‍ ഭര്‍ത്താവിന് ഭാര്യയെ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 2011 ല്‍ ഭാര്യയും ഡോക്ടര്‍മാരും, ഭാര്യയുടെ മാതാപിതാക്കളും, സഹോദരനും 30 ലക്ഷം നഷ്ട പരിഹാരം വേണമെന്നാവശ്യപ്പെട്ട് അനില്‍ മല്‍ഹോത്രയെന്ന ഭര്‍ത്താവ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് കോടതി വിധി.

അവശ്യമുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ഉത്പ്പന്നം സൃഷ്ടിക്കുന്നതുപോലെയുള്ള മെഷീനല്ല സ്ത്രീയെന്നും, ഗര്‍ഭം ധരിക്കാന്‍ അവര്‍ മാനസികമായി തയ്യാറെടുക്കേണ്ടതുണ്ടെന്നും കുട്ടിയ്ക്ക് ജന്മം നല്‍കുന്നതിനും അത് ആവശ്യമുണ്ടെന്നും നിരീക്ഷിച്ചാണ് കോടതി ഭര്‍ത്താവിന്റെ ഹര്‍ജി തള്ളിയത്.

സ്ത്രീയുടെ സമ്മതത്തോടെ ഗര്‍ഭം അലസിപ്പിച്ച ഡോക്ടര്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും അതുകൊണ്ടു തന്നെ നഷ്ടപരിഹാരത്തിന്റെ വിഷയം ഉദിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഗര്‍ഭം അലസിപ്പിക്കാന്‍ സ്ത്രീയുടെ സമ്മതം മാത്രം മതി, ഭര്‍ത്താവിന്റെ പ്രസ്തുത കുഞ്ഞിനെ വഹിക്കാന്‍ തനിക്ക് സമ്മതമല്ലെന്ന് പറയാന്‍ സ്ത്രീക്ക് അവകാശമുണ്ട് സുപ്രീം കോടതി നിരീക്ഷിച്ചു.

1994 ലാണ് കേസിനാസ്പദമായ സംഭവം. ഭാര്യ സീമാ മല്‍ഹോത്ര ഗര്‍ഭം അലസിപ്പിച്ചതിനെ തുടര്‍ന്ന് അനില്‍കുമാര്‍ മല്‍ഹോത്ര പരാതി നല്‍കുകയായിരുന്നു. ഇരുവര്‍ക്കും ഒരു ആണ്‍കുട്ടിയുണ്ട്. 1999 മുതല്‍ സീമയും കുഞ്ഞും സീമയുടെ രക്ഷിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്. തന്റെ സമ്മതപ്രകാരമല്ലാതെ ഗര്‍ഭം അലസിപ്പിച്ച ഭാര്യയ്ക്കും അതിനെ സഹായിച്ച ഡോക്ടര്‍മാര്‍ക്കും ഭാര്യയുടെ രക്ഷകര്‍ത്താക്കള്‍ക്കുമെതിരെ 2011 ല്‍ 30 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ഭര്‍ത്താവ് അനില്‍കുമാര്‍ മല്‍ഹോത്ര നല്‍കിയ പരാതി ഹൈക്കോടതി 2011ല്‍ തള്ളുകയായിരുന്നു.

SHARE