ഡോ. ജെയ്റ്റ്‌ലി, സമ്പദ്‌വ്യവസ്ഥ ഐസിയുവിലാണ്, നിങ്ങളുടെ മരുന്നിന് ശക്തിയില്ല; ധനമന്ത്രിയുടെ അവകാശവാദങ്ങളെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയേയും കേന്ദ്ര സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനവും ജി.എസ്.ടിയും കാരണം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഐ.സി.യുവിലാണെന്നായിരുന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ പരിഹാസം.

ഡോ. ജെയ്റ്റ്‌ലി ജീ, നോട്ട് നിരോധനവും ജി.എസ്.ടിയും മൂലം സമ്പദ് വ്യവസ്ഥ ഐ.സി.യുവിലാണ്. നിങ്ങള്‍ പറയുന്നു, നിങ്ങള്‍ ആര്‍ക്കും പിന്നിലല്ലെന്ന്. എന്നാല്‍ നിങ്ങളുടെ മരുന്നിന് കരുത്തില്ല- എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്ന് ധനമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് രാഹുലിന്റെ വിമര്‍ശനം. മാന്ദ്യം നിലനില്‍ക്കെ രാജ്യത്തിന്റെ സാമ്പത്തിക ഉത്തേജനം ലക്ഷ്യമാക്കി 9 ലക്ഷം കോടിയുടെ പദ്ധതി കഴിഞ്ഞ ദിവസം ജെയ്റ്റ്‌ലി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

നേരത്തേയും ജെയ്റ്റിലിയെ പരിഹസിച്ച് രാഹുല്‍ രംഗത്തെത്തിയിരുന്നു. സ്റ്റാര്‍വാര്‍സ് എന്ന ഹോളിവുഡ് ചിത്രത്തിലെ ‘മെ ദ ഫാഴ്‌സ് ബി വിത്ത് യൂ’ എന്ന അതിപ്രശസ്തമായ വാക്കുകളാണ് ജെയ്റ്റ്‌ലിക്കെതിരായ വിമര്‍ശനമാക്കി രാഹുല്‍ മാറ്റിയത്.

SHARE