മെ ദ ഫാഴ്‌സ് ബി വിത്ത് യൂ… ജയ്റ്റ്‌ലിക്കെതിരേ സ്റ്റാര്‍വാര്‍സ് പ്രയോഗവുമായി രാഹുല്‍, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരിഹാസക്കൂത്തെന്നു വിമര്‍ശനം

ന്യൂഡല്‍ഹി: സിനിമ ഡയലോഗുകള്‍ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് സ്ഥിരമാക്കിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി. ഇക്കുറി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെയാണ് രാഹുലിന്റെ വാക്ശരം.

പ്രശസ്ത സയന്‍സ് ഫിക്ഷന്‍ ചിത്രമായ സ്റ്റാര്‍ വാര്‍സിലെ ഡയലോഗാണ് രാഹുല്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെയുള്ള ആയുധമാക്കിയത്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ യഥാര്‍ഥ ജി ഡി പി വളര്‍ച്ചാ ശരാശരി 7.5 ശതമാനം ആണെന്ന പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ട്വീറ്റിനു താഴെ രാഹുല്‍ വിമര്‍ശനവുമായെത്തി. ചിത്രത്തിലെ ‘മെ ദ ഫാഴ്‌സ് ബി വിത്ത് യൂ’ എന്ന അതിപ്രശസ്തമായ വാക്കുകളാണ് ജെയ്റ്റ്‌ലിക്കെതിരായ വിമര്‍ശനമാക്കി രാഹുല്‍ മാറ്റിയത്. രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു പരിഹാസക്കൂത്താണ് ജെയ്റ്റിലിയുടെ വാദം എന്നായിരുന്നു ഈ പരാമര്‍ശത്തിലൂടെ രാഹുല്‍ വിമര്‍ശിച്ചത്.

രാജ്യത്തിന്റെ സാമ്പത്തിക ഉത്തേജനം ലക്ഷ്യമാക്കി 9 ലക്ഷം കോടിയുടെ പദ്ധതി ഇന്നലെ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിന്റെ ‘സ്റ്റാര്‍ വാര്‍സ് ഡയലോഗ്’. കഴിഞ്ഞ ദിവസം ജി.എസ്.ടി എന്നത് ഗബ്ബര്‍ സിംഗ് ടാക്‌സ് ആണെന്ന രാഹുലിന്റെ പരിഹാസം സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരുന്നു.

SHARE