ഇന്ത്യ മുഴുവന്‍ ബൈക്കില്‍ ഒറ്റയ്ക്കു സഞ്ചരിച്ച വനിത അപകടത്തില്‍ മരിച്ചു, മരിച്ചത് വിഷാദത്തെ യാത്രകള്‍കൊണ്ടു നേരിട്ട പോരാളി, സനയുടെ ജീവിതം മാറ്റിമറിച്ചത് ജീവനൊടുക്കാന്‍ ആരംഭിച്ച റൈഡ്

ഹൈദരാബാദ്: ആത്മഹത്യക്കും വിഷാദത്തിനുമെതിരേ ബോധവത്കരണവുമായി ഇന്ത്യ മുഴുവന്‍ ബൈക്കില്‍ ഒറ്റയ്ക്കു സഞ്ചരിച്ച വനിതാ സോളോ റൈഡര്‍ സന ഇഖ്ബാല്‍ അപകടത്തില്‍ മരിച്ചു. ഹൈദരാബാദ് നഗരപ്രാന്തത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തിലാണ് സന മരിച്ചത്.

നര്‍സിങ്കി ഗ്രാമത്തില്‍ ഭര്‍ത്താവായ അബ്ദുള്‍ നദീമിനൊപ്പം കാറില്‍ സഞ്ചരിക്കവെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ സനയെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നദീമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിഷാദത്തിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് രാജ്യത്തുടനീളം 38,000 കിലോമീറ്റര്‍ റോയല്‍ എന്‍ഫീല്‍ഡ് ബുളളറ്റില്‍ സഞ്ചരിച്ച് സ്‌കൂളുകളിലും കോളേജുകളിലും അവബോധം നടത്തി പ്രചോദനം നല്‍കുന്നതിലൂടെ പ്രശസ്തയാണ് സന.

വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്ന സന 27ാം വയസില്‍ ആത്മഹത്യ ചെയ്യാനായി ഗുജറാത്തിലേക്ക് തന്റെ ബുളളറ്റില്‍ പുറപ്പെട്ടിരുന്നു. എതിരെ വരുന്ന ട്രക്കിന് ഇടിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു സനയുടെ പദ്ധതി. എന്നാല്‍ ആ യാത്ര സനയുടെ ജീവിതം മാറ്റിമറിക്കുകയായിരുന്നു. യാത്രയുടെ ലഹരി അറിഞ്ഞ സന പിന്നീടുളള കാലം ആത്മഹത്യയ്ക്കും വിഷാദരോഗത്തിനും എതിരെ പോരാടുകയായിരുന്നു.

SHARE