ഓരോ ഷോട്ട് കഴിയുമ്പോഴും ഞാന്‍ കാത്തുനില്‍ക്കും. അദ്ദേഹം എനിക്ക് ഒരു ഹൈ ഫൈവ് തരും; അത് മാത്രം മതിയായിരുന്നു എനിക്ക്; മോഹന്‍ലാലിനൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവച്ച് ഹന്‍സിക

ഈ മാസം 27ന് മോഹന്‍ലാല്‍ ചിത്രമായ വില്ലന്‍ തിയ്യേറ്ററുകളില്‍ എത്തും. ആവേശത്തോടെയും പ്രതീക്ഷകളോടെയുമാണ് പ്രേക്ഷകര്‍ മോഹന്‍ലാലിന്റെ വില്ലനെ കാത്തിരിക്കുന്നത്. ബി.ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. തമിഴ് താരങ്ങളായ വിശാലും ഹന്‍സിക മോട്‌വാനിയും മലയാളത്തില്‍ എത്തുന്ന ചിത്രമാണ് വില്ലന്‍ എന്ന പ്രത്യേകയും സിനിമയ്ക്കുണ്ട്. ശ്രദ്ധേയമായ വേഷങ്ങളാണ് ചിത്രത്തില്‍ ഇരുവരും ചെയ്യുന്നത്. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ഹന്‍സിക. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഹന്‍സിക വില്ലനിലെ തന്റെ അനുഭവം പങ്കുവച്ചു.
‘ഞാന്‍ ഇതുവരെ ചെയ്തതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രമാണ് വില്ലനിലേത്. ഇതൊരു സസ്പെന്‍സ് ത്രില്ലര്‍ ആയതിനാല്‍ എന്റെ കഥാപാത്രത്തെക്കുറിച്ച് കൂടുതലെന്തെങ്കിലും പറയാന്‍ സാധിക്കില്ല. പക്ഷെ അഭിനയ സാധ്യത ഏറെയുള്ള കഥാപാത്രമാണെന്ന് മാത്രം പറയാം. മോഹന്‍ലാലിനെ പോലൊരു ലെജന്‍ഡിനൊപ്പം വര്‍ക് ചെയ്യാന്‍ കഴിഞ്ഞത് വല്ലാത്തൊരു അനുഭവമായിരുന്നു. തുടക്കത്തില്‍ ഞാന്‍ ഒരല്‍പം നെര്‍വസ് ആയിരുന്നു. അദ്ദേഹത്തിന്റെ അഭിനയം കണ്ട് ഞാന്‍ വിസ്മയിച്ചിരുന്നു പോയി. ഓരോരുത്തര്‍ക്കും അവരവരുടേതായ സ്പേസ് തരുന്ന വ്യക്തിയാണ് അദ്ദേഹം. ഓരോ ഷോട്ട് കഴിയുമ്പോഴും ഞാന്‍ അദ്ദേഹത്തിന്റെ അംഗീകാരത്തിനായി കാത്തുനില്‍ക്കും. അദ്ദേഹം എനിക്ക് ഒരു ഹൈ ഫൈവ് തരും. അത് മാത്രം മതിയായിരുന്നു എനിക്ക് . ഇങ്ങനൊരു ചിത്രം ചെയ്യാന്‍ സാധിച്ച ഞാന്‍ ഭാഗ്യവതിയാണ്’- ഹന്‍സിക പറഞ്ഞു.
ചിത്രം അനൗണ്‍സ് ചെയ്തത് മുതല്‍ ആവേശകരമായ പ്രതികരണങ്ങളാണ് ആരാധകരുടെ ഭാഗത്തു നിന്നും വന്നുകൊണ്ടിരിക്കുന്നത്. വില്ലന്‍ വെറുമൊരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ മാത്രമല്ല. എല്ലാവര്‍ക്കും ഇഷ്ടമാകുന്ന ഘടകങ്ങളും തീവ്രമായ വൈകാരിക സന്ദര്‍ഭങ്ങളും വില്ലനിലുണ്ടെന്നും സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ തന്നെ വ്യക്തമാക്കിയിരുന്നു. ചിത്രം ഒക്ടോബര് ഇരുപത്തിയേഴിന് തിയേറ്ററുകളിലെത്തും. നവംബറോടു കൂടി ചിത്രത്തിന്റെ തമിഴ്-തെലുങ്ക് പതിപ്പുകളും പുറത്തിറങ്ങും.

SHARE