ജയിലില്‍ കഴിയുന്ന കാലയളവില്‍ ദിലീപിനെ സന്ദര്‍ശിച്ച ജഡ്ജ് ആര്?

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന കാലയളവില്‍ ദിലീപിനെ സന്ദര്‍ശിച്ച ജഡ്ജ് ആര്? ദിലീപ് ജയിലില്‍ ആയിരുന്നപ്പോള്‍ 74 പേരാണ് ദിലീപിനെ കാണാന്‍ എത്തിയത്. അതില്‍ 39 -ാം പേരുകാരന്‍ ഒരു സബ്ജഡ്ജ് ആയിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 3-9 -2017 ല്‍ രാവിലെ 11 മുതല്‍ 11.30 വരെയാണ് ഇദ്ദേഹം ജയിലില്‍ ദിലീപുമായി കൂടിക്കാഴ്ച നടത്തിയതെന്നും ഓണ്‍ലൈന്‍ മാധ്യമമായി പ്രവാസി ശബ്ദം റിപ്പോര്‍ട്ട് ചെയ്യുന്നു.
കൂട്ടബലാത്സംഗത്തിന് കൊട്ടേഷന്‍ നല്‍കി എന്ന കുറ്റം ചുമത്തപ്പെട്ട ജയിലില്‍ കഴിയുന്ന തടവുപുള്ളിയെ ജയിലില്‍ എത്തി സബ്ജഡ്ജ് സന്ദര്‍ശിക്കുന്നതും അരമണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കൂടിക്കാഴ്ച്ച നടത്തുന്നതും അതീവ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു .
അവധി ദിവസങ്ങളില്‍ തടവുപുള്ളികളെ സന്ദര്‍ശിക്കാന്‍ അനുവദിക്കില്ല എന്ന് ജയില്‍ കവാടത്തിലെഴുതി വച്ചിരിക്കുന്നതും അലങ്കാരത്തിന് വേണ്ടി മാത്രമാണ് . ജയിലില്‍ നിന്ന് പുറത്തുവരുന്ന രേഖകള്‍ അനുസരിച്ചു ജയില്‍ ചട്ടങ്ങളെ മറികടന്നു ദിലീപിന് സന്ദര്‍ശകരെ അനുവദിച്ചിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹൈക്കോടതി രണ്ടാം തവണയും ദിലീപിന്റെ ജാമ്യഹര്‍ജി തള്ളിയതോടെയാണ് ജയിലിലേക്ക് സന്ദര്‍ശകര്‍ വര്‍ധിച്ചത്. അതുവരെ സിനിമാമേഖലയില്‍ നിന്നുള്ള വളരെ കുറച്ചുപേരും അമ്മയും സഹോദരനും മാത്രമേ ജയിലില്‍ എത്തിയിരുന്നുള്ളൂ.
സിനിമാ മേഖലയില്‍ ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ ഹരിശ്രീ അശോകന്‍, നാദിര്‍ഷാ എന്നിവരെ കൂടാതെ സുരേഷ് കൃഷ്ണ, സംവിധായകന്‍ രഞ്ജിത്ത്, കോമഡി താരം ഏലൂര്‍ ജോര്‍ജ്, ഗണേഷ്‌കുമാര്‍ , കെപിഎസി ലളിത , ജയറാം തുടങ്ങി സിനിമാ രംഗത്തെ പ്രമുഖര്‍ ദിലീപിനെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു.
74 പേരോളം ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതായാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ആ കൂട്ടത്തിലാണ് 39മനായി ഒരു സബ്ജഡ്ജും ദിലീപിനെ കാണാന്‍ ജയിലിലെത്തിയെന്ന വിവരം പുറത്ത് വരുന്നത്.

SHARE