മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ടതു വീട്ടില്‍വച്ചുതന്നെ, വളര്‍ത്തച്ഛന്റെ കാറില്‍ കുഞ്ഞിന്റെ ഡിഎന്‍എ സാംപിളുകള്‍, മലയാളി വെസ്‌ലി മാത്യൂസ് അറസ്റ്റില്‍

ഹൂസ്റ്റണ്‍: അമേരിക്കയില്‍ കാണാതായ, മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യൂസിനെ മരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ മലയാളി വെസ്‌ലി മാത്യൂസ് അറസ്റ്റില്‍. കുട്ടിയ ക്രൂരമായി പരുക്കേല്‍പ്പിച്ചു എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണു ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഷെറിന്‍ മാത്യൂസിന്റേത് കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചതായി സൂചന. വെസ്‌ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റില്‍നിന്നു ലഭിച്ച ഡിഎന്‍എ സാംപിളുകളും വെസ്ലിയിലേക്കു തന്നെയാണു വിരല്‍ ചൂണ്ടുന്നത്.

ഈ മാസം ഏഴിനു വടക്കന്‍ ടെക്‌സസിലെ റിച്ചര്‍ഡ്‌സണിലെ വീട്ടില്‍നിന്നാണു ഷെറിനെ കാണാതായത്. ഞായറാഴ്ച ഷെറിന്റെ വീടിന് ഒരു കിലോമീറ്റര്‍ മാറി കലുങ്കിനുള്ളിലാണ് മൃതദേഹം കണ്ടെത്തി. അതേസമയം, മൃതദേഹം ഷെറിന്റേതാണെന്നു സ്ഥിരീകരിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു. അതേ സമയം മൂന്നു വയസ് തോന്നിക്കുന്ന മൃതദേഹം മറ്റൊരു കുഞ്ഞിന്റേതാകാന്‍ സാധ്യതയില്ലെന്നാണു പൊലീസിന്റെ വിശദീകരണം.

പാലു കുടിക്കാത്തതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നിനു വീടിനു പുറത്തിറക്കി നിര്‍ത്തിയ കുട്ടിയെ പിന്നീടു കാണാതായെന്നാണു വളര്‍ത്തച്ഛന്‍ എറണാകുളം സ്വദേശി വെസ്‌ലി പൊലീസിനെ അറിയിച്ചത്. എന്നാല്‍, പുലര്‍ച്ചെ 3 മണിക്ക് ആരെങ്കിലും മൂന്നു വയസ്സുള്ള പിഞ്ചുകുഞ്ഞിനെ ഇങ്ങനെ പുറത്തു നിര്‍ത്തുമോ എന്ന ചോദ്യത്തിന് വെസ്ലി മാത്യൂസിന് ഉത്തരമില്ലെന്ന് പോലീസ് വക്താവ് പറയുന്നു. മാനസിക വളര്‍ച്ചയെത്താത്ത കുട്ടിയാണ് ഷെറിന്‍.

ബിഹാറിലെ സന്നദ്ധസംഘടനയായ മദര്‍ തെരേസ അനദ് സേവാ സന്‍സ്താനില്‍നിന്നാണ് കഴിഞ്ഞവര്‍ഷം ജൂണ്‍ 23നാണ് എറണാകുളം സ്വദേശിയായ വെസ്‌ലി മാത്യുവും കുടുംബവും കുട്ടിയെ ദത്തെടുത്തത്. കുട്ടിയ്ക്കു നേരിയ കാഴ്ചക്കുറവും സംസാരവൈകല്യവുമുണ്ട്.

SHARE