ബിജെപിക്ക് വീണ്ടും തിരിച്ചടി; ഇത്തവണ ഗോവയില്‍നിന്ന്; പരീക്കര്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലേക്ക്….

പനാജി: രാജ്യത്ത് ബിജെപിക്ക് കൂടുതല്‍ തിരിച്ചടിയുണ്ടാകുന്നു എന്ന വാര്‍ത്തകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഏറ്റവും ഒടുവില്‍ ഗോവയില്‍ നിന്നുമാണ് ബിജെപിക്ക് തലവേദന സൃഷ്ടിക്കുന്ന സംഭവം വരുന്നത്. മനോഹര്‍ പരീക്കറുടെ നേതൃത്വത്തിലുള്ള ഗോവയിലെ ബിജെപി സര്‍ക്കാരിന് വെല്ലുവിളി സൃഷ്ടിച്ചുകൊണ്ട് ഘടകകക്ഷിയായ മാഹാരാഷ്ട്ര വാദി ഗോമന്തക് പാര്‍ട്ടി (എം.ജെ.പി) രംഗത്തെത്തി. മൂന്ന് എം.എല്‍.എമാരുള്ള പാര്‍ട്ടിയുടെ പിന്തുണ സര്‍ക്കാരിന് നിര്‍ണായകമാണ്. ഇതില്‍ രണ്ട് പേര്‍ മന്ത്രിസഭയില്‍ അംഗങ്ങളുമാണ്. കടുത്ത നടപടിയിലേക്ക് തിടുക്കത്തില്‍ കടക്കില്ലെങ്കിലും അടുത്ത എട്ട് മാസം വരെ കാത്തിരുന്ന ശേഷം തീരുമാനിക്കാം എന്ന നിലപാടാണ് പാര്‍ട്ടി കൈക്കൊണ്ടിരിക്കുന്നത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എം.ജെ.പി അധ്യക്ഷന്‍ ദീപക് ധാവലീക്കര്‍ പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ചില അംഗങ്ങള്‍ അസംതൃപ്തരാണെന്ന് കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു.
കാസിനോ, മയക്കുമരുന്ന്, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. എന്നാല്‍ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമോ എന്ന് പറയാന്‍ അദ്ദേഹം തയാറായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരുകക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണച്ചതെന്നും ധാവലീക്കര്‍ പറഞ്ഞു.
40 അംഗ സഭയില്‍ ബിജെപിക്ക് 14 പേര്‍ മാത്രമേയുള്ളൂ. എംജെപിക്ക് പുറമെ ജിഎഫിപിയുടെ മൂന്ന് അംഗങ്ങളുടെയും മൂന്നു സ്വതന്ത്രരുടെയും ഒരു എന്‍സിപി അംഗത്തിന്റെയും പിന്തുണയിലാണ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. കോണ്‍ഗ്രസിന് 17 അംഗങ്ങളുണ്ട്. അതുകൊണ്ടുതന്നെ പുതിയ വെല്ലുവിളി ബിജെപിക്ക് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്.

SHARE