സ്ത്രീകള്‍ ചെരുപ്പുകൊണ്ട് അടിച്ചു, നിലത്തുതുപ്പിയ ശേഷം നക്കിത്തുടപ്പിച്ചു; ബിഹാറില്‍ ഗ്രാമമുഖ്യന്റെ വീട്ടിലെത്തിയതിന് നാട്ടുകൂട്ടത്തിന്റെ പ്രാകൃതശിക്ഷ

നളന്ദ: ബിഹാറില്‍ ഗ്രാമമുഖ്യന്റെ വീട്ടില്‍ കതകില്‍മുട്ടാതെ പ്രവേശിച്ചയാള്‍ക്ക് നാട്ടുകൂട്ടത്തിന്റെ പ്രാകൃതശിക്ഷ. സ്ത്രീകള്‍ ചെരുപ്പുകൊണ്ട് അടിക്കുകയും നിലത്തുതുപ്പിയ ശേഷം നക്കിത്തുടയ്ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സ്വന്തം ജില്ലയിലെ അജയ്പൂര്‍ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം.

ബിഹാറിലെ നളന്ദയില്‍ മഹേഷ് താക്കൂര്‍ എന്ന 54കാരനാണ് പ്രാകൃതശിക്ഷയ്ക്കു വിധേയനായത്. സര്‍ക്കാര്‍ നല്‍കുന്ന കാര്‍ഷിക സഹായം തനിക്കും കൂടി ലഭ്യമാക്കണം എന്ന ആവശ്യവുമായാണ് വൃദ്ധന്‍ ഗ്രാമത്തലവന്റെ വീട്ടിലെത്തിയത്. ബാര്‍ബര്‍ സമുദായത്തില്‍പ്പെട്ട ഇദ്ദേഹത്തിന് അജെയ്പൂര്‍ ഗ്രാമത്തില്‍ ഒരു കടയുണ്ട്. എന്നാല്‍ ഗ്രാമമുഖ്യന്റെ വീട്ടിലെത്തിയ ഇദ്ദേഹം വാതില്‍മുട്ടാതെ അകത്ത് കയറിയെന്നായിരുന്നു ആരോപണം.

ഇതിന് പിന്നാലെയായിരുന്നു കടുത്തശിക്ഷ വിധിച്ചുകൊണ്ടുള്ള നടപടി. നിലത്ത് തുപ്പുകയും അത് നക്കിയെടുക്കാന്‍ ഗ്രാമത്തലവന്‍ ഉത്തരവിടുകയുമായിരുന്നു. ചെറുതായൊന്ന് വിസമ്മതിച്ചതിന് രണ്ടു സ്ത്രീകള്‍ ഇദ്ദേഹത്തെ ചെരുപ്പുകൊണ്ട് തല്ലിച്ചതക്കുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം.

SHARE