വിവാഹം കഴിക്കണമെങ്കില്‍ പണം നല്‍കണമെന്നു കാമുകന്‍, പണം കണ്ടെത്താന്‍ വൃക്ക വില്‍ക്കാനൊരുങ്ങി യുവതി, രക്ഷയ്‌ക്കെത്തിയത് ഡോക്ടര്‍

ന്യൂഡല്‍ഹി: വിവാഹം കഴിക്കണമെങ്കില്‍ പണം ആവശ്യപ്പെട്ട കാമുകന് നല്‍കുന്നതിനായി വൃക്ക വില്‍ക്കാനൊരുങ്ങി യുവതി. ബീഹാറിലെ ലഖിസാര സ്വദേശിയായ പെണ്‍കുട്ടിയാണ് ഇതിനായി ഡല്‍ഹിയിലേക്ക് എത്തിയത്.

ഡല്‍ഹിയില്‍ എത്തി ആശുപത്രിയെ സമീപിച്ച യുവതി കിഡ്‌നി മാഫിയയുടെ കൈയ്യിലാണോ എന്ന് സംശയിച്ച് വനിതാ കമ്മീഷനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കമ്മീഷന്‍ ഇവര്‍ക്ക് കൗണ്‍സിലിങ് നല്‍കുകയും ചെയ്തു. അതേസമയം വൃക്ക വില്‍ക്കുവാന്‍ നിര്‍ദ്ദേശിച്ച കാമുകനെതിരെ കേസ് കൊടുക്കണമെന്ന കൗണ്‍സലറുടെ നിര്‍ദ്ദേശം അവര്‍ ചെവിക്കൊണ്ടില്ല.

വിവാഹമോചിതയായ യുവതി അയല്‍വാസിയുമായി പ്രണയത്തിലാവുകയായിരുന്നു. മുറാദാബാദിലേക്ക് താമസം മാറിയ ഇയാളെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും വീട്ടുകാര്‍ നിരസിച്ചു. യുവതി വീട്ടുകാരോടു വഴക്കിട്ട് കാമുകന്റെ അടുത്തെത്തിയെങ്കിലും 1,80,000 രൂപ നല്‍കിയാലേ വിവാഹം നടക്കൂയെന്ന് ഇയാള്‍ അറിയിച്ചു. കാമുകന് നല്‍കാനുള്ള തുക കണ്ടെത്താനായി വൃക്ക വില്‍ക്കാന്‍ യുവതി തീരുമാനിക്കുകയായിരുന്നു.

SHARE