കാര്‍ സര്‍വീസ് സെന്ററിലെ തട്ടിപ്പ് കൈയോടെ പിടികൂടി യുവാവ്, വീഡിയോ യൂട്യൂബില്‍ വൈറല്‍, വീട്ടിലെത്തി കാലുപിടിച്ച് സര്‍വീസ് സെന്റര്‍ ജീവനക്കാര്‍, കാര്‍ സര്‍വീസ് നടത്തിപ്പിലെ തട്ടിപ്പ് ഇങ്ങനെ..

ബംഗളുരു: പുതിയ കാര്‍ വാങ്ങിയശേഷം ആദ്യ മൂന്നു സര്‍വീസുകള്‍ മിക്ക കാര്‍ കമ്പനികളും സൗജന്യമായി ചെയ്തു നല്‍കും. വാഹനം നല്‍കി കഴിഞ്ഞാല്‍ സര്‍വീസ് സെന്ററിനകത്ത് എന്താണ് നടക്കുന്നതെന്ന് പലര്‍ക്കും വലിയ പിടിയുണ്ടാകില്ല. തിരികെ തരുന്ന വാഹനവും കൊണ്ട് അവര്‍ പറയുന്നതും വിശ്വസിച്ച് വീട്ടില്‍ പോകുക മാത്രമാവും വഴി. എന്നാല്‍ സര്‍വ്വീസ് സെന്ററിലെ കള്ളത്തരം കൈയോടെ പിടിച്ചിരിക്കുകയാണ് ബംഗളൂരു സ്വദേശിയായ ഒരു യുവാവ്.

ബംഗളൂരുവിലെ മാരുതി സുസുക്കി സര്‍വീസ് സെന്ററായ മാന്‍ഡോവി മോട്ടോഴ്‌സിലാണു സംഭവം. തന്റെ പുതിയ ബലേനൊ ആര്‍എസിന്റെ രണ്ടാമത്തെ ഫ്രീ സര്‍വീസിനായാണു യുവാവ് കാര്‍ സര്‍വീസ് സെന്ററില്‍ നല്‍കിയത്. വാഹനം സ്റ്റാര്‍ട്ടാക്കുമ്പോള്‍ പെട്രോളിന്റെ മണം വരുന്നു എന്നായിരുന്നു സര്‍വീസിനു കൊടുത്തപ്പോള്‍ പറഞ്ഞ പരാതി. തുടര്‍ന്ന് സര്‍വീസ് നടത്തി എന്ന് പറഞ്ഞ് പതിവുപോലെ കാര്‍ തിരിച്ചു നല്‍കുകയും ചെയ്തു. എന്നാല്‍ സര്‍വീസിന് നല്‍കുമ്പോള്‍ ഡാഷ്‌ബോര്‍ഡ് ക്യാമറ ഓണ്‍ ആക്കി നല്‍കിയ യുവാവ് തിരികെ വീട്ടിലെത്തി ഇതു പരിശോധിച്ചപ്പോള്‍ ഞെട്ടി.

രണ്ടാം സര്‍വീസില്‍ ചെയ്യേണ്ട കാര്യങ്ങളൊന്നും വര്‍ക്ക്‌ഷോപ്പില്‍ നിന്നു ചെയ്തില്ല. ഓയില്‍ മാറ്റുകയോ പരിശോധിക്കുകയോ പോലും ചെയ്!തില്ല. വെറുതെ കഴുകിയതിനു ശേഷം സര്‍വീസ് നടത്തിയെന്നു കള്ളം പറഞ്ഞു തിരിച്ചു നല്‍കുകയായിരുന്നു. കൂടാതെ വാഹനം സ്റ്റാര്‍ട്ട് ചെയ്ത് എസി പ്രവര്‍ത്തിപ്പിച്ച് സര്‍വ്വീസ് സെന്ററിലെ യുവാക്കള്‍ അതിനകത്തിരുന്നു ഭക്ഷണം കഴിച്ചെന്നും ഉടമ പറയുന്നു. രാവിലെ വാഹനം സ്റ്റാര്‍ട്ടാക്കുമ്പോള്‍ പെട്രോളിന്റെ മണം വരുന്നു എന്നതു മാത്രമായിരുന്നു സര്‍വീസിനു കൊടുത്തപ്പോള്‍ പറഞ്ഞ പരാതി. ഇതൊന്നും പരിശോധിച്ചിട്ടു പോലുമില്ല.

തൊട്ടടുത്ത ദിവസം തന്നെ യുവാവ് സര്‍വീസ് സെന്ററിലെ മാനേജറുമായി സംസാരിച്ചു. പക്ഷേ തണുത്ത പ്രതികരണമാണു ലഭിച്ചത്. തുടര്‍ന്ന് ഏകദേശം 30 മിനിറ്റു ദൈര്‍ഘ്യമുള്ള വീഡിയോ ഉടമ യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു. മാരുതിയുടെ വാഹനങ്ങളെയും സര്‍വീസിനെയും മോശമായി ചിത്രികരിക്കാന്‍ വേണ്ടിയല്ല വീഡിയോ അപ്‌ലോഡ് ചെയ്തതെന്നും എല്ലാ വാഹന സര്‍വീസ് സെന്ററുകളും ഉപഭോക്താക്കളോടു നീതിപൂര്‍വ്വം പെരുമാറണമെന്നതാണു പറയാന്‍ ശ്രമിക്കുന്നതെന്നും എല്ലാ ഉപഭോക്താക്കള്‍ക്കും ഇതൊരു മുന്നറിയപ്പാകട്ടെ എന്നും യുവാവു പറയുന്നു.

വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ സര്‍വീസ് മനേജറും മാരുതി നെക്‌സയുടെ മേധാവികളും വിളിച്ചെന്നും ക്ഷമ ചോദിച്ചെന്നും വാഹനം വീട്ടില്‍ വന്നു പരിശോധിച്ചെന്നും ഉടമ പറയുന്നു. വിഡിയോ മാറ്റണമെന്ന് കമ്പനി നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്നും യുവാവ് പറയുന്നു.

SHARE