സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സദാചാര പൊലീസിങ്, 14 പെണ്‍കുട്ടികളെയും 22 ആണ്‍കുട്ടികളെയും ഹോസ്റ്റലില്‍നിന്നു പുറത്താക്കി, സംഘപരിവാര്‍ അജന്‍ഡയെന്നു വിദ്യാര്‍ഥികള്‍

കൊല്‍ക്കത്ത: സത്യജിത്ത് റേ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധികൃതരുടെ സദാചാര പൊലീസിങ്. ഹോസ്റ്റലുകളില്‍ ആണ്‍ പെണ്‍ വേര്‍തിരിവ് ഉണ്ടാക്കുന്നതിനെ എതിര്‍ത്ത 14 പെണ്‍കുട്ടികളെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും 22 ആണ്‍കുട്ടികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി. മാറിത്താമസിക്കാനുള്ള ഡയറക്ടറേറ്റിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഹോസ്റ്റലില്‍നിന്ന് മാറാന്‍ തയ്യാറാകാത്ത വിദ്യാര്‍ത്ഥികളേയാണ് പുറത്താക്കിയത്.

ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയതിന് ശേഷം 20 കൊല്ലത്തോളം ഇല്ലാതിരുന്ന ആചാരമാണ് പുതിയ ഉത്തരവെന്ന് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പറയുന്നു. കോളജ് ഡയറക്ടറായി ദേബമിത്ര എത്തിയതിനു ശേഷമാണ് സദാചാര നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതെന്നും ഫിലിം മേഖലയുമായി ഒരു ബന്ധവുമില്ലാത്ത വ്യക്തിയാണ് ദേബമിത്രയെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സംഘപരിവാര്‍ ബന്ധത്തിന്റെ പേരിലാണ് ദേബമിത്രയെ ഡയറക്ടറായി നിയമിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

സത്യജിത്ത് റേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹോസ്റ്റലുകളില്‍ ആണ്‍പെണ്‍ വേര്‍തിരിവ് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുറത്താക്കല്‍ നടന്നത്. ഒരേ സ്ഥലത്ത് തന്നെ ഗേള്‍സ് വിങ്ങും ബോയ്‌സ് വിങ്ങുമുള്ള ഹോസ്റ്റലുകളെ പിരിച്ച് വെവ്വേറെ ഹോസ്റ്റലുകള്‍ ഉണ്ടാക്കുന്നതിനാണ് അധികൃതരുടെ ശ്രമം. ഇതിന്റെ ഭാഗമായി ഹോസ്റ്റലുകളില്‍ നിന്ന് വെക്കേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത 14 പെണ്‍കുട്ടികളെയാണ്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പുറത്താക്കിയത്.

വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ മാനിച്ചാണ് ആണ്‍പെണ്‍ വിദ്യാര്‍ത്ഥികളെ വെവ്വേറെ താമസിപ്പിക്കുന്നതെന്ന് ഡയറക്ടര്‍ ഡെബിമിത്ര ഇന്നലെ പറഞ്ഞിരുന്നു. ക്യാംപസില്‍ മാധ്യമങ്ങളെ വിലക്കിയിട്ടുണ്ട്.

SHARE