ഇനി വാര്‍ത്ത കൊടുക്കരുത്… ജയ് ഷായുടെ വാദം മാത്രം കേട്ടു ദി വയറിനെതിരേ കോടതി വിധിച്ചു, മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാനുള്ള ശ്രമമെന്നു ദി വയര്‍

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് അമിത് ഷായുടെ അനധികൃത സ്വത്ത് സമ്പാദന വാര്‍ത്ത പുറത്തുവിട്ട ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടല്‍ ദി വയറിനെ വിഷയുമായി ബന്ധപ്പെട്ട തുടര്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് കോടതി വിലക്കി. ജയ് ഷായുടെ മാനനഷ്ടക്കേസ് പരിഗണിക്കുന്നതിന് ഇടയിലാണ് അഹമ്മദാബാദ് കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്.

എന്നാല്‍ മാനനഷ്ട കേസ് പരിഗണിക്കുന്നത് കോടതി മാറ്റി. വിഷയത്തില്‍ വാദിഭാഗമായ ജയ് അമിത് ഷായുടെ ഭാഗം മാത്രമാണ് കോടതി കേട്ടത്. ജയ് ഷായുടെ സ്വത്ത് സമ്പാദനത്തെക്കുറിച്ച് ഒരു രൂപത്തിലുള്ള തുടര്‍ വാര്‍ത്തയും കൊടുക്കരുത് എന്നാണ് കോടതി ഉത്തരവ്. കേസില്‍ ദി വയറിന്റെ വാദം കേള്‍ക്കുന്നത് 26നാണ്. ഉത്തരവ് മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാനുള്ള ശ്രമമാണെന്ന് ദി വയര്‍ പ്രതികരിച്ചു.

അഹമ്മദാബാദിലെ മെട്രോ പൊളിറ്റന്‍ സിവില്‍ കോടതിയിലാണ് മാധ്യമസ്ഥാപനത്തിനെതിരെ നൂറുകോടി രൂപയുടെ മാനനഷ്ട്‌ക്കേസ് ജയ് അമിത് ഷാ ഫയല്‍ ചെയ്തത്. വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തക രോഹിണി സിങ് ഉള്‍പ്പെടെ സ്ഥാപനത്തിലെ ഏഴുപേര്‍ക്കെതിരെയാണ് കേസ്. ദി ഹിന്ദുവിലെ എഡിറ്റര്‍ ആയിരുന്ന സിദ്ധാര്‍ത്ഥ് വരദരാജന്‍ നേതൃത്വം നല്‍കുന്ന മാധ്യമസ്ഥാപനമാണ് ദി വയര്‍.

ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പിലെ ബിജെപി ജയത്തിന് പിന്നാലെ ജയ് ഷായുടെ കമ്പനിയ്ക്ക് 16,000 ഇരട്ടി ലാഭമുണ്ടായതായാണ് വാര്‍ത്ത വന്നത്. കമ്പനിയുടെ വരുമാനം അരലക്ഷത്തില്‍നിന്ന് 80 കോടിയായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ ജയ് ഷായ്‌ക്കെതിരെയുള്ള വാര്‍ത്ത വിവാദമായതോടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകനെ പ്രതിരോധിച്ച് കേന്ദ്രമന്ത്രിമാര്‍ രംഗത്തെത്തി. ജയ് ഷാ ക്രമക്കേട് നടത്തിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും റെയില്‍വേ മന്ത്രി പിയൂഷ് ഗോയലും വാദിച്ചു.

SHARE