ശബരിമല മേല്‍ശാന്തിയായി എ.വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു

സന്നിധാനം: ശബരിമല മേല്‍ശാന്തിയായി എ വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. തൃശൂര്‍ കൊടകര സ്വദേശിയും പന്തളം ശിവക്ഷേത്രത്തിലെ മേല്‍ശാന്തിയുമാണ് ഉണ്ണികൃഷ്ണന്‍. കൊല്ലം മൈനാഗപ്പള്ളി സ്വദേശി അനീഷ് നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി. ഇന്ന് രാവിലെ എട്ടുമണിയോടെ സന്നിധാനത്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെയും സാന്നിദ്ധ്യത്തിലായിരുന്നു നറുക്കെടുപ്പ് നടന്നത്.
മേല്‍ശാന്തി ജോലിക്കായി 12 പേരുടെ പട്ടികയില്‍ നിന്നുമാണ് എ വി ഉണ്ണികൃഷ്ണനെയും അനീഷ് നമ്പൂതിരിയെയും തിരഞ്ഞെടുത്തത്.
തീര്‍ത്ഥാനകാലം തുടങ്ങുന്നതിന് മുന്നോടിയായി തയ്യാറെടുപ്പുകള്‍ക്ക് വേണ്ടിയുള്ള അവലോകന യോഗം ഇന്ന് നടക്കും. മുഖ്യമന്ത്രി പങ്കെടുക്കുന്ന അവലോകനയോഗത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചായിരിക്കും പ്രവര്‍ത്തനം. ഇതിനായി വകുപ്പ് മേധാവികള്‍ സന്നിധാനത്തെത്തിയിട്ടുണ്ട്. 11 മണിക്കാണ് യോഗം. അതിനൊപ്പം വിവിധ പദ്ധതികളുടെ ശിലാസ്ഥാപന കര്‍മ്മവും മുഖ്യമന്ത്രി നടത്തും.
തീര്‍ത്ഥാടനകാലത്തെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ഇന്നലെ രാത്രിയില്‍ ശബരിമലയില്‍ എത്തിയിരുന്നു. വാഹനത്തില്‍ പമ്പയില്‍ എത്തിയ ശേഷം അവിടെ നിന്നും മലചവിട്ടിയായിരുന്നു സന്നിധാനത്തെത്തിയത്. വിഎസിന് ശേഷം കാല്‍നടയായി ശബരിമല സന്നിധാനത്ത് എത്തുന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി. കനത്ത മഴയിലൂടെയയായിരുന്നു അദ്ദേഹം അഞ്ചര കിലോമീറ്റര്‍ താണ്ടിയത്. അല്‍പ്പം പോലും വിശ്രമമെടുക്കാതെ ഒന്നര മണിക്കൂറോളം അദ്ദേഹം മല കയറിയിറങ്ങി.

SHARE