വാനാക്രൈ ആക്രമണത്തിനു പിന്നില്‍ ഉത്തരകൊറിയ, ലക്ഷ്യമിട്ടത് വ്യാജ വിന്‍ഡോസ് കമ്പ്യൂട്ടറുകളെ, സ്ഥിരീകരണവുമായി മൈക്രോസോഫ്റ്റ്

വാഷിംഗ്ടന്‍: ലോകത്തെ നടുക്കിയ വാനാക്രൈ റാന്‍സംവേര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തരകൊറിയയെന്ന് മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് ഇക്കാര്യം സ്ഥിരീകരിച്ചു. 150 രാജ്യങ്ങളിലായി ലക്ഷക്കണക്കിന് കംപ്യൂട്ടറുകളെയാണ് വാനാക്രൈ ആക്രമിച്ചത്. ആക്രമണത്തിനു പിന്നില്‍ ഉത്തരകൊറിയയാണെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യമാണ് ഇപ്പോള്‍ മൈക്രോസോഫ്റ്റ് പ്രസിഡന്റും സ്ഥിരീകരിച്ചത്.

അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിയില്‍നിന്നു ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ ഉപയോഗിച്ച് ഉത്തരകൊറിയയിലെ സൈബര്‍ വിദഗ്ധര്‍ വാനാക്രൈക്കു രൂപം നല്‍കുകയായിരുന്നെന്ന് ബ്രാഡ് സ്മിത്ത് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

കാലാവധി കഴിഞ്ഞ വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റം(ഒഎസ്) ഉപയോഗിച്ച കംപ്യൂട്ടറുകളെയാണ് വാനാക്രൈ പ്രധാനമായും ലക്ഷ്യം വച്ചത്. ഒഎസ് കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ അപ്‌ഡേഷന്‍ നിര്‍ബന്ധമായും നടത്തണമെന്ന് മുന്നറിയിപ്പു നടത്തിയിട്ടും ചെയ്യാതിരുന്നവര്‍ സൈബര്‍ ആക്രമണത്തിനിരയായാല്‍ ഉത്തരവാദിത്തം മൈക്രോസോഫ്റ്റിന് ഏറ്റെടുക്കാനാകില്ലെന്നും സ്മിത്ത് വ്യക്തമാക്കി.

വാനാക്രൈ ആക്രമണത്തിനു പിന്നാലെതന്നെ ഉത്തരകൊറിയയ്ക്കുനേരെ സംശയമുനയുയര്‍ന്നിരുന്നു. ഗൂഗിളും ഈ രീതിയില്‍ സംശയമുന്നയിച്ചു. 2014ല്‍ സോണി പിക്‌ചേഴ്‌സിന്റെ വെബ്‌സൈറ്റില്‍ നുഴഞ്ഞുകയറി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനെ പരിഹസിക്കുന്ന സിനിമ ചോര്‍ത്തിയതും ഉത്തരകൊറിയന്‍ ഹാക്കിംഗ് സംഘമാണെന്നു സൂചനയുണ്ട്.

SHARE