അരവിന്ദ് കേജ്‌രിവാളിന്റെ കാര്‍ കണ്ടെത്തി, ഡല്‍ഹിയില്‍നിന്നു മോഷ്ടിക്കപ്പെട്ട കാര്‍ കണ്ടെത്തിയത് ഉത്തര്‍പ്രദേശില്‍, പ്രതികളെ തിരിച്ചറിഞ്ഞെന്നു പോലീസ്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മോഷണം പോയ കാര്‍ കണ്ടെത്തി. യുപിയിലെ ഗാസിയാബാദിലാണു കാര്‍ കണ്ടെത്തിയതെന്നു ഡല്‍ഹി പൊലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കാര്‍. കാര്‍ ഉടന്‍ തന്നെ ഡല്‍ഹി പൊലീസിന് കൈമാറുമെന്ന് ഗാസിയാബാദ് പൊലീസ് അറിയിച്ചു.

ഡല്‍ഹി സെക്രട്ടേറിയറ്റിനു പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഗണ്‍ ആര്‍ കാര്‍ വ്യാഴാഴ്ച ഉച്ചയ്ക്കാണു മോഷ്ടിക്കപ്പെട്ടത്. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പു മുതല്‍ കേജ്‌രിവാള്‍ ഉപയോഗിച്ചിരുന്നത് ഈ നീലക്കാറായിരുന്നു. എന്നാല്‍ പിന്നീട് മുഖ്യമന്ത്രിയുടെ വാഹനം ഇന്നോവയിലേക്ക് മാറിയപ്പോള്‍ ആം ആദ്മി പാര്‍ട്ടിയുടെ പല ആവശ്യങ്ങള്‍ക്കുമായിരുന്നു കാര്‍ ഉപയോഗിച്ചിരുന്നത്. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ കുന്ദന്‍ ശര്‍മ 2013 ജനുവരിയില്‍ കേജ്‌രിവാളിന് സമ്മാനിച്ചതാണ് കാര്‍.

കാര്‍ ഉപേക്ഷിക്കപ്പെട്ട പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച അന്വേഷണ സംഘം പ്രതികളെ തിരിച്ചറിഞ്ഞു. പ്രതിയെന്നു സംശയിക്കുന്നവരുടെ ചിത്രം ഡല്‍ഹിയില്‍ പ്രചരിപ്പിച്ചിട്ടുണ്ട്.

SHARE