യോഗിയുടെ ആക്രോശങ്ങള്‍ക്കു കേരളം പിടിക്കാന്‍ കഴിയില്ല, അമിത് ഷാ ഡല്‍ഹിയിലേക്കു മടങ്ങിയത് ഇതു മനസിലായതുകൊണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായ്

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ തീവ്രഹിന്ദുത്വ ലൈന്‍ കേരളത്തില്‍ വിലപ്പോവില്ലെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഇന്ത്യ ടുഡേ ഗ്രൂപ്പ് കണ്‍സള്‍ട്ടിംഗ് എഡിറ്ററുമായ രാജ്ദീപ് സര്‍ദേശായ്. ഹിന്ദുസ്ഥാന്‍ ടൈംസിലെഴുതിയ ലേഖനത്തിലാണ് ബിജെപിയുടെ ഹിന്ദു, ഹിന്ദുസ്ഥാന്‍ തീവ്രദേശീയ അജണ്ട കേരളത്തില്‍ വിജയിക്കില്ലെന്ന് സര്‍ദേശായി വ്യക്തമാക്കിയത്.

സാമ്പത്തികവളര്‍ച്ചയിലെ മുരടിപ്പ്, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാത്തത്, ജി എസ് ടി ഉണ്ടാക്കുന്ന ആശയക്കുഴപ്പങ്ങള്‍, റോഹിങ്ക്യ, കാശ്മീര്‍ – കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിജെപി ഇതെല്ലാം വിട്ടിരിക്കുന്നു. ബിജെപിയുടെ കേരളത്തിലെ ജനരക്ഷായാത്ര കേന്ദ്രസര്‍ക്കാര്‍ പാര്‍ട്ടി മാത്രമായി മാറുന്ന അവസ്ഥയുണ്ടാക്കിയിരിക്കുന്നു. എന്നാല്‍ കേരളത്തിലെ വെള്ളത്തില്‍ താമര വിരിയാറായിട്ടില്ല എന്നു തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് അമിത് ഷാ യാത്ര മതിയാക്കി തിരിച്ചുപോയത്- സര്‍ദേശായി പറയുന്നു.

എന്തുകൊണ്ട് കേരളം ബിജെപിയെ അകറ്റിനിര്‍ത്തുന്നു എന്ന ചോദ്യമുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മതവര്‍ഗീയതയുടെ പേരിലുള്ള ധ്രുവീകരണത്തിന് ഇവിടെ സാദ്ധ്യത കുറവാണ് എന്നതാണ് കാര്യം. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ അക്രമാസക്തരായി രംഗത്ത് വരുന്ന കാവി സന്യാസിമാരെ ഇവിടെ കാണാനാവില്ല. നാരയാണ ഗുരുവിനെ പോലെ മത യാഥാസ്ഥിതികത്വങ്ങളെ വെല്ലുവിളിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത വിപ്ലവകാരികളായിരുന്നു ഇവിടത്തെ സന്യാസിമാര്‍. അവര്‍ ആത്മീയ സ്വാതന്ത്ര്യത്തിനും സാമൂഹ്യസമത്വത്തിനും വേണ്ടി നിലകൊണ്ടു- അദ്ദേഹം എഴുതി.

പുതിയ ഹിന്ദുത്വയുടെ പോസ്റ്റര്‍ ബോയ് ആയ യോഗി ആദിത്യനാഥിന്റെ ന്യൂനപക്ഷവിരുദ്ധ ആക്രോശങ്ങളല്ല, നാരായണ ഗുരുവിന്റെ മതനിരപേക്ഷമായ ആത്മീയത. യോഗിയെ ജനരക്ഷായാത്രയില്‍ കൊണ്ടുവന്നതിലൂടെ വലിയ തെറ്റാണ് ബിജെപി ചെയ്തിരിക്കുന്നതെന്നും രാജ്ദീപ് കുറ്റപ്പെടുത്തുന്നു.

SHARE