സോളാര്‍ കേസിന്റെ സൂത്രധാരന്‍ ഗണേഷ് കുമാര്‍, തന്റെ മരണമൊഴി രേഖപ്പെടുത്തണമെന്ന് ബിജു രാധാകൃഷ്ണന്‍ കോടതിയില്‍

വടകര: സോളാര്‍ കേസില്‍ സുപ്രധാന വെളിപ്പെടുത്തലുമായി സോളാര്‍ കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണന്‍. കേസിന്റെ മുഖ്യസുത്രധാരന്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ കെ.ബി. ഗണേഷ് കുമാര്‍ ആണെന്ന് ബിജു കോടതിയെ അറിയിച്ചു. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് സരിതാ എസ്. നായര്‍ക്ക് രാഷ്ട്രീയക്കാരെയും വ്യവസായ പ്രമുഖരെയും പരിചയപ്പെടുത്തി നല്‍കിയത് ഗണേഷ് കുമാര്‍ ആണെന്നും ബിജു ആരോപിച്ചു.

ഈ കേസുമായി ബന്ധപ്പെട്ട് തന്റെയും അമ്മയുടെയും ജീവന് ഭീഷണിയുണ്ടെന്നും അതുകൊണ്ട് തന്റെ മരണമൊഴി രേഖപ്പെടുത്തണമെന്നും ബിജു കോടതിയില്‍ അറിയിച്ചു.

സരിതാ എസ് നായരെ കെബി ഗണേഷ് കുമാര്‍ എംഎല്‍എ പീഡിപ്പിച്ചതിന്റെ തെളിവായി സിഡി നല്‍കാമെന്നും കേസ് എടുക്കണമെന്നും സോളാര്‍ കേസിലെ ഒന്നാം പ്രതി ബിജുരാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പീഡിപ്പിച്ചവരുടെ പട്ടികയില്‍ ഗണേഷ് കുമാര്‍ ഇല്ലെന്നായിരുന്നു സരിതയുടെ പ്രതികരണം. ചാനല്‍ ചര്‍ച്ചക്കിടെ അവതാരകന്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ നമ്മുടെ സുഹൃദ് വലയത്തില്‍ ചിലപ്പോള്‍ അങ്ങനെയൊക്കെ സംഭവിച്ചിരിക്കാം. അതിനെ പീഡനമായി കാണാനാവില്ല എന്നാണ് സരിത പറഞ്ഞത്.

എന്നാല്‍, സോളാര്‍ കേസ് കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം കോടതിയാണെന്നും അതിനാല്‍ ഇത് സംബന്ധിച്ച് മൊഴി നല്‍കേണ്ടത് അവിടെയാണെന്നും വടകര കോടതി അറിയിച്ചു. ഇതേ തുടര്‍ന്ന് ഈ മാസം 17ന് തിരുവനന്തപുരം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിജു രാധാകൃഷ്ണന്‍.

SHARE