ക്ലൈമാക്‌സ് മാറ്റിയത് ആ സിനിമയോടു ചെയ്ത ക്രൂരത, സിനിമയെ വൃത്തികേടാക്കി; ദുല്‍ഖര്‍ ചിത്രത്തിന്റെ നിര്‍മാതാവിനെതിരേ ആഞ്ഞടിച്ച് സംവിധായകന്‍

മുംബൈ: സോളോ സിനിമയുടെ ക്ലൈമാക്‌സ് മാറ്റിയതില്‍ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍. സോളോയുടെ ക്ലൈമാക്‌സ് മാറ്റിയത് ആ സിനിമയോടു ചെയ്ത ക്രൂരതയാണെന്നും പുതിയ മാറ്റം എല്ലാം വൃത്തികേടാക്കിയെന്നും സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ പ്രതികരിച്ചു. പരീക്ഷണ ചിത്രമായിരുന്നു സോളോ. കഴിവിന്റെ പരമാവധി നന്നായാണു സനിമ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സോളോ സിനിമയുടെ ക്ലൈമാക്‌സ് മാറ്റിയത് പ്രേക്ഷകരെ മുന്നില്‍ കണ്ടുകൊണ്ട് മാത്രമാണ് സിനിമയുടെ നിര്‍മാതാവ് എബ്രഹാം മാത്യു. സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ പറ്റാത്തൊരു ക്ലൈമാക്‌സ് ആയിരുന്നു സിനിമയുടേത്. അതുകൊണ്ടാണ് ആ രംഗം മാറ്റാന്‍ തീരുമാനിച്ചത്. ഞങ്ങളുടെ ഈ തീരുമാനത്തില്‍ പ്രേക്ഷകര്‍ നൂറുശതമാനം സന്തോഷവാന്മാരാണ് എബ്രഹാം മാത്യു പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച റിലീസായ ചിത്രത്തിന്റെ ക്ലൈമാക്‌സ് പ്രേക്ഷകരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റിയിരുന്നു. എന്നാല്‍, ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ രംഗത്തെത്തി. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം മാറ്റിയത് തന്റെ അറിവോ സമ്മതമോ കൂടാതെയാണെന്ന് ബിജോയ് നമ്പ്യാര്‍ ട്വിറ്ററിലൂടെ പറഞ്ഞു. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം മാറ്റിയതിനെ കുറിച്ച് ചോദിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. അത് ചെയ്തത് എന്റെ അറിവോ സമ്മതമോ കൂടാതെയാണ്. നല്ലതോ ചീത്തതോ ആവട്ടെ, ഞാനുണ്ടാക്കിയ സിനിമയ്‌ക്കൊപ്പം തന്നെയാണ് ഞാന്‍ ബിജോയ് ട്വിറ്ററില്‍ കുറിച്ചു.

നാല് കഥകളുടെ ഒരു ആന്തോളജിയായാണ് ബിജോയ് നമ്പ്യാര്‍ തന്റെ കന്നി മലയാള സംരംഭമായ ദുല്‍ഖര്‍ ചിത്രം ഒരുക്കിയത്. ഇതില്‍ നാലാമത്തെ ചിത്രമായ വേള്‍ഡ് ഓഫ് രുദ്രയുടെ ക്ലൈമാക്‌സാണ് മാറ്റിയത്. വേള്‍ഡ് ഓഫ് ശിവ, വേള്‍ഡ് ഓഫ് ശേഖര്‍, വേള്‍ഡ് ഓഫ് ത്രിലോക് എന്നിവയാണ് ശിവസങ്കല്‍പത്തെ അടിസ്ഥാനപ്പെടുത്തി ബിജോയ് ഒരുക്കിയ ബഹുഭാഷാ ചിത്രത്തിലെ മറ്റ് കഥകള്‍. നാലു ഭാഗങ്ങളിലും വ്യത്യസ്ത ലുക്കില്‍ ദുല്‍ഖര്‍ തന്നെയാണ് അഭിനയിക്കുന്നത്.

SHARE