പടക്ക വില്‍പ്പന നിരോധത്തില്‍ വര്‍ഗീയത കലര്‍ത്തരുത്; ഇളവ് ആവശ്യപ്പെട്ട വ്യാപാരികളോടു സുപ്രീം കോടതി, പടക്കം പൊട്ടിക്കുന്നതിനു വിലക്കില്ലെന്നും കോടതി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പടക്ക വില്‍പ്പന നിരോധിച്ചു കൊണ്ടുള്ള ഉത്തരവില്‍ വര്‍ഗീയത കലര്‍ത്തരുതെന്ന് സുപ്രീം കോടതി. നിരോധനത്തില്‍ ഇളവ് ആവശ്യപ്പെട്ട് ഒരു സംഘം പടക്കവ്യാപാരികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഉത്തരവില്‍ ഭേദഗതി വരുത്താന്‍ വിസമ്മതിച്ച കോടതി ഹര്‍ജി തള്ളി. പടക്കവില്‍പ്പന നിരോധനത്തിന് വര്‍ഗ്ഗീയനിറം നല്‍കുന്നത് ശരിയല്ലെന്നും ഇതില്‍ ദു:ഖമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

നിരോധനം ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് തന്നെ പടക്കവില്‍പ്പന നടന്നിട്ടുണ്ടെന്നും അത് ദിപാവലിക്ക് ഉപയോഗിക്കാമെന്നും കോടതി പറഞ്ഞു. അതിനാല്‍ ഇത്തവണത്തെ ദീപാവലി പടക്കങ്ങള്‍ ഇല്ലാത്തതായിരിക്കില്ല. പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല- കോടതി വ്യക്തമാക്കി. നിരോധനത്തില്‍ ഇളവ് വരുത്തില്ല. ഇത് ഒരു പരീക്ഷണമാണ്. ദീപാവലിക്ക് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും കോടതി വ്യക്തമാക്കി.

ഈ മാസം ഒമ്പതിനാണ് ദില്ലിയിലെ ദീപാവലി ആഘോഷങ്ങള്‍ക്ക് പടക്കങ്ങള്‍ ഉപയോഗിക്കുന്നതിന് സുപ്രിം കോടതി വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ഇതിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് പ്രശസ്തരായ പലരില്‍ നിന്നും ഉണ്ടായത്. നിരോധനത്തെ വര്‍ഗ്ഗീയമായി കണ്ടായിരുന്നു പ്രശസ്ത എഴുത്തുകാരന്‍ ചേതന്‍ ഭഗതും യോഗഗുരു ബാബ രാംദേവും പ്രതികരിച്ചത്. അതേസമയം ശശി തരൂര്‍ അടക്കമുള്ള ദേശീയ നേതാക്കള്‍ നിരോധനത്തെ പിന്തുണച്ചു കൊണ്ടാണ് രംഗത്തെത്തിയത്.

ദീപാവലിക്കാലത്ത് പടക്കങ്ങള്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് ദില്ലിയിലെ മൂന്ന് കോളെജ് വിദ്യാര്‍ത്ഥികളാണ് സുപ്രിം കോടതിയെ സമീപിച്ചത്.

SHARE