മൂന്നാം തോല്‍വി; ഇന്ത്യ അണ്ടര്‍-17 ലോകകപ്പില്‍നിന്ന് പുറത്ത്

ന്യൂഡല്‍ഹി: അണ്ടര്‍17 ലോകകപ്പില്‍ ഒരു വിജയമെങ്കിലും സ്വപ്‌നം കണ്ടു, പക്ഷേ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. കന്നി ലോകകപ്പിലെ മൂന്നാം മല്‍സരത്തില്‍ രണ്ടു തവണ ലോകചാംപ്യന്‍മാരായ ഘാനയോടും തോല്‍വി വഴങ്ങിയ ഇന്ത്യ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. എറിക് അയ്ഹ മല്‍സരത്തിന്റെ ഇരുപകുതികളിലുമായി നേടിയ ഗോളുകളാണ് മല്‍സരത്തിലെ ഹൈലൈറ്റ്. ആദ്യ പകുതിയില്‍ ഇന്ത്യ ഒരു ഗോളിനു പിന്നിലായിരുന്നു. രണ്ടാം പകുതിയില്‍ പകരക്കാരായി കളത്തിലിറങ്ങിയ റിച്ചാര്‍ഡ് ഡാന്‍സോ (86), ഇമ്മാനുവല്‍ ടോകു (87) എന്നിവര്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.
തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ഘാന പ്രീക്വാര്‍ട്ടറില്‍ കടന്നു. എ ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് ഘാനയുടെ മുന്നേറ്റം. ഘാന, കൊളംബിയ, യുഎസ്എ ടീമുകള്‍ക്ക് ആറു പോയിന്റു വീതമാണെങ്കിലും ഗോള്‍ ശരാശരിയിലെ മികവാണ് ഘാനയെ ഒന്നാമതെത്തിച്ചത്. ഇന്നു നടന്ന രണ്ടാം മല്‍സരത്തില്‍ യുഎസ്എയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കു തോല്‍പ്പിച്ച കൊളംബിയ രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറില്‍ കടന്നു. ആറു പോയിന്റുള്ള യുഎസ്എയും മികച്ച നാലു മൂന്നാം സ്ഥാനക്കാര്‍ക്കൊപ്പം പ്രീക്വാര്‍ട്ടറില്‍ കടക്കാനാണ് സാധ്യത.

SHARE