നടിയുടെ പേര് വെളിപ്പെടുത്തിയ പി.സി.ജോര്‍ജിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

കോഴിക്കോട്: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയില്‍ എംഎല്‍എ പി.സി.ജോര്‍ജിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കോഴിക്കോട് കുന്നമംഗലം മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. ചാനല്‍ചര്‍ച്ചയ്ക്കിടെ നടിയുടെ പേര് വെളിപ്പെടുത്തിയെന്ന പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് കോടതി ഇടപെടല്‍.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രതികരണങ്ങള്‍ നടത്തിയതിന് പി.സി. ജോര്‍ജ് എംഎല്‍എയ്ക്ക് എതിരെ സംസ്ഥാന വനിതാ കമ്മിഷനും കേസെടുത്തിരുന്നു. പത്രസമ്മേളനത്തിലും ചാനല്‍ അഭിമുഖങ്ങളിലും നടത്തിയ പരാമര്‍ശങ്ങള്‍ നടിക്ക് അപമാനകരവും സ്ത്രീത്വത്തെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്ന് വിലയിരുത്തിയാണു നടപടി.

ഇതിനു പുറമെ നടിയും പി.സി.ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. സ്ത്രീകളുടെ ആശ്രയവും പ്രതീക്ഷയുമായ വനിതാ കമ്മിഷനെപ്പോലും അവഹേളിച്ചു കൊണ്ടുള്ള പി.സി.ജോര്‍ജിന്റെ നിലപാട് അങ്ങേയറ്റം ഖേദകരമാണെന്നും ഇത്തരം ആക്ഷേപങ്ങള്‍ കേസിന്റെ വിധിനിര്‍ണയത്തെ വരെ സ്വാധീനിച്ചേക്കാമെന്നും നടി ആശങ്ക രേഖപ്പെടുത്തി.

SHARE