സോളാര്‍ റിപ്പോര്‍ട്ട് കാട്ടി യുഡിഎഫിനെയും കോണ്‍ഗ്രസിനേയും ബലഹീനമാക്കാമെന്നു കരുതേണ്ടെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപൂരം: സര്‍ക്കാരും എല്‍ഡിഎഫും ആക്ഷേപിക്കുന്ന വിധത്തിലുള്ള കുറ്റങ്ങളുടെ ഒരു ശതമാനത്തിനെങ്കിലും ഉത്തരവാദി താനാണെങ്കില്‍ പിന്നെ പൊതു രംഗത്ത് നില്‍ക്കില്ലെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കരുനാഗപ്പള്ളി കോഴിക്കോട് കോണ്‍ഗ്രസ് 137ാം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന് ഇന്ദിരാഗാന്ധി ജന്മ ശതാബ്ദി ആഘോഷ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പറയുന്ന കുറ്റത്തിന്റെ നൂറിലൊന്ന് ഉത്തരവാദിത്തമെങ്കിലും തനിക്കാണെങ്കില്‍ പൊതുപ്രവര്‍ത്തനരംഗത്ത് നില്‍ക്കാന്‍ അര്‍ഹനല്ലെന്നു വിശ്വസിക്കുന്ന ആളാണ് താന്‍. ഇത്തരത്തിലുള്ള നടപടികള്‍ കാട്ടി യുഡിഎഫിനെയും കോണ്‍ഗ്രസിനേയും ബലഹീനമാക്കാമെന്നു കരുതേണ്ട. ഇതിനെ രാഷ്ട്രീയപരമായിട്ടല്ല, നിയമപരമായി നേരിടും. തെറ്റുചെയ്തിട്ടില്ലെന്ന ഉറച്ച വിശ്വാസം ഉള്ളതു കൊണ്ടാണ് നിയമപരമായി തന്നെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം താല്‍പര്യവും സര്‍ക്കാരിന്റെ താല്‍പര്യവും അനുസരിച്ച് മുഖ്യമന്ത്രി കുറെ കാര്യങ്ങള്‍ എടുത്തു പറഞ്ഞിരിക്കുകയാണ്. റിപ്പോര്‍ട്ടിലെ പല കാര്യങ്ങളും മറച്ചും വെച്ചിരിക്കുന്നു. കമ്മിഷന്‍ എന്‍ക്വയറി ഓഫ് ആക്ട് അനുസരിച്ച് റിപ്പോര്‍ട്ട് വന്നാല്‍ പ്രധാനകാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൊടുക്കണം. ഒന്നേകാല്‍ കൊല്ലമായി ഒന്നും ചെയ്യാന്‍ സാധിക്കാത്ത സര്‍ക്കാര്‍ ജനശ്രദ്ധ തിരിച്ചുവിടാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. റിപ്പോര്‍ട്ടിലെ പല കാര്യങ്ങളും മറച്ചു വെച്ചിരിക്കുകയാണ്. വിവരാവകാശ നിയമം അനുസരിച്ച് റിപ്പോര്‍ട്ടിന്റെ കോപ്പി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

SHARE