സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ മുഖ്യമന്ത്രിയ്‌ക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം : സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ നടപടി ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘനത്തിനു പരാതി. ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിനു മുന്‍പേ മുഖ്യമന്ത്രി പരസ്യപ്പെടുത്തിയെന്നാണ് ആക്ഷേപം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഇരിക്കൂര്‍ എംഎല്‍എയുമായ കെ.സി. ജോസഫാണ് സ്പീക്കര്‍ക്കു പരാതി നല്‍കിയിരിക്കുന്നത്.
അതേസമയം, റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കാതെ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയ മുഖ്യമന്ത്രിയുടെ നടപടി കെട്ടിയിട്ടു തല്ലുന്നതിനു തുല്യമായിപ്പോയി എന്നാണ് ഒരു മുതിര്‍ന്ന നേതാവ് അഭിപ്രായപ്പെട്ടത്. കമ്മിഷന്റെ കണ്ടെത്തലുകളായി സര്‍ക്കാര്‍ അവതരിപ്പിച്ചതു വെറും രാഷ്ട്രീയ ഭാഷ്യം മാത്രമാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

സ്ത്രീപീഡനക്കേസിനെ സംബന്ധിച്ചും അവ്യക്തതകളുണ്ട്. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു തുടര്‍നടപടികളുമായി മുന്നോട്ടുപോയാല്‍ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ചു വിവിധ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. മുന്‍മുഖ്യമന്ത്രിക്കെതിരെ സരിത ഉന്നയിച്ച ആരോപണം വാസ്തവ വിരുദ്ധമാണെന്ന നിലപാടാവും നേതൃത്വം സ്വീകരിക്കുക. പുനഃസംഘടന അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ ഇക്കാര്യങ്ങളെല്ലാം ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്തുക എന്ന കടമ്പയും ആരോപണവിധേയര്‍ക്കു മുന്നിലുണ്ട്.

ഇതിനിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി അപേക്ഷ നല്‍കി. ചീഫ് സെക്രട്ടറിക്കാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ഇപ്രകാരം ലഭിച്ചില്ലെങ്കില്‍ കോടതി വഴി ലഭിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കാനാണു തീരുമാനം. സോളര്‍ വിഷയവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നിയമ നടപടികളെക്കുറിച്ച് വിദഗ്ധ നിയമോപദേശം തേടാനാനുള്ള നീക്കവും കോണ്‍ഗ്രസ് ആരംഭിച്ചു.

സോളര്‍ വിഷയത്തില്‍ രാഷ്ട്രീയമായും നിയമപരമായും പ്രതിരോധം തീര്‍ക്കാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഇതിനായി സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം വാങ്ങുക എന്നതാണ് കെപിസിസിയുടെ ആദ്യ ലക്ഷ്യം. നിയമപരമായും രാഷ്ട്രീയമായും നീങ്ങാന്‍ റിപ്പോര്‍ട്ട് ലഭിച്ചേ മതിയാകൂ. റിപ്പോര്‍ട്ട് നിയമസഭയില്‍ വരുന്നതുവരെ കാത്തിരിക്കാനാവില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

SHARE