ആരുഷി വധക്കേസ്: മാതാപിതാക്കള്‍ കുറ്റക്കാല്ല, സിബിഐ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

അലഹാബാദ് : ആരുഷി വധക്കേസില്‍, മാതാപിതാക്കള്‍ കുറ്റക്കാരല്ലെന്ന് ഹൈക്കോടതി. മാതാപിതാക്കള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി തടവുശിക്ഷ വിധിച്ച പ്രത്യേക സിബിഐ കോടതിയുടെ ഉത്തരവാണ് അലഹാബാദ് ഹൈക്കോടതി റദ്ദാക്കിയത്. ഇവര്‍ക്കെതിരായ ആരോപണം ‘സംശയാതീതമായി തെളിയിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ട’തായി കോടി വ്യക്തമാക്കി. ദന്തഡോക്ടര്‍മാരായ രാജേഷ് തല്‍വാറിനെയും ഭാര്യ നൂപുര്‍ തല്‍വാറിനെയും സംശയത്തിന്റെ ആനുകൂല്യം നല്‍കി ഹൈക്കോടതി വെറുതെ വിട്ടത്. ബി.കെ. നാരായണ, എ.കെ. മിശ്ര എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെതാണ് വിധി.

2008 മേയ് 16ന് ആണ് ആരുഷിയെ (15) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസത്തിനു ശേഷം വീടിന്റെ ടെറസില്‍ വീട്ടുജോലിക്കാരനായ ഹേംരാജിന്റെ മൃതദേഹവും കണ്ടെത്തി. 2013 നവംബറിലാണ് ഇരുവരുടെയും കൊലയില്‍ ആരുഷിയുടെ മാതാപിതാക്കള്‍ക്കു പങ്കുണ്ടെന്നു സിബിഐ പ്രത്യേക കോടതി വിധിച്ചത്. അന്നുമുതല്‍ ജയിയിലുള്ള ഇരുവരുടെയും മോചനം ഉടനുണ്ടാകും. അതേസമയം, ഇവരെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് വിവരം.

ഏകമകള്‍ ആരുഷിയെയും വീട്ടുജോലിക്കാരനെയും കൊലപ്പെടുത്തിയ കേസില്‍ രാജേഷ് തല്‍വാറിനും ഭാര്യ നൂപുര്‍ തല്‍വാറിനും ജീവപര്യന്തം തടവാണ് പ്രത്യേക സിബിഐ കോടതി വിധിച്ചിരുന്നത്. ഇതിനെതിരെ ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സംശയത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ശിക്ഷിക്കാനാകില്ലെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതി ഇവരെ വെറുതെ വിട്ടത്. തല്‍വാര്‍ ദമ്പതികള്‍ക്കെതിരായ തെളിവുകള്‍
അപര്യാപ്തമാണെന്നും കോടതി വിലയിരുത്തി. വിധി പ്രസ്താവത്തോട് അനുബന്ധിച്ച് അലഹബാദ് ഹൈക്കോടതിക്കു പുറത്തു വന്‍സുരക്ഷയാണ് ഒരുക്കിയിരുന്നത്

SHARE