നികുതി കൊയ്യാന്‍ കൂടുതല്‍ സാധ്യതയുള്ള മേഖല; റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കും ജിഎസ്ടി വരുന്നു; നികുതി 12 ശതമാനമാക്കും; അരുണ്‍ ജയ്റ്റ്‌ലി

വാഷിങ്ടണ്‍: സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്‌കരണമായ ജിഎസ്ടി നടപ്പിലാക്കലിനെതിരേ രാജ്യത്തെങ്ങും പ്രതിഷേധം ഉയരുമ്പോഴും ജിഎസ്ടി കൂടുതല്‍ രംഗങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് മേഖലയേയും ജി.എസ്.ടിക്ക് കീഴില്‍ കൊണ്ട് വരുമെന്നാണ് ജയ്റ്റ്‌ലിയുടെ പുതിയ പ്രഖ്യാപനം. നികുതി പിരിവിന് ഏറ്റവും സാധ്യതയുള്ള മേഖലയാണ് ഇതെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് റിയല്‍ എസ്‌റ്റേറ്റിനെയും ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരുന്നത്. വിഷയം നവംബര്‍ 9ന് ഗുവാഹാട്ടിയില്‍ നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ശില്‍പശാലയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ധനമന്ത്രി.
ചില സംസ്ഥാനങ്ങള്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയെ ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. ഇത് ഗൗരവമായി ചിന്തിക്കേണ്ട കാര്യം തന്നെയാണെന്നാണ് താന്‍ കരുതുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഇതിന് ചില സംസ്ഥാനങ്ങള്‍ അനുകൂലമാണ് മറ്റ് ചിലര്‍ അനുകൂലവുമല്ല. അതുകൊണ്ട് തന്നെ ഇതില്‍ ഗൗരവമായി ചര്‍ച്ച നടത്തേണ്ടതുണ്ട്.
ഭൂമിയിടപാടിനെ ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവന്നാല്‍ അത് ഭൂമിവാങ്ങുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യും. കള്ളപ്പണത്തിന്റെ വലിയ തോതില്‍ വരവ് തടയാന്‍ സഹായിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 12 ശതമാനമെങ്കിലും ജി.എസ്.ടി റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ചുമത്താം. എന്നിരുന്നിട്ട് പോലും ഈ മേഖല ഇപ്പോള്‍ ജി.എസ്.ടിക്ക് പുറത്താണെന്നും അദ്ദേഹം പറഞ്ഞു.
ചിലര്‍ക്ക് നോട്ട് നിരോധനത്തിന്റെ യഥാര്‍ഥ ലക്ഷ്യത്തെ ഇപ്പോഴും മനസ്സിലായിട്ടില്ല. ഇത് ആരുടേയും സമ്പത്ത് പിടിച്ചെടുത്തിട്ടില്ല. ബാങ്കില്‍ അന്ന് നിക്ഷേപമുള്ളവര്‍ക്കൊന്നും ഇതുവരെ പണം നഷ്ടപ്പെട്ടിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.
ജൂലൈ ഒന്നുമുതല്‍ നടപ്പില്‍വന്ന ജിഎസ്ടി സാധാരണക്കാര്‍ക്ക് ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വില കുറയുമെന്ന് വീരവാദം മുഴക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത് നടപ്പിലാക്കിയതെങ്കിലും ഒരു സാധനങ്ങള്‍ക്ക് പോലും വില കുറഞ്ഞിട്ടില്ലെന്ന് മാത്രമല്ല, കൂടുകയും ചെയ്തു. ഹോട്ടല്‍, ഭക്ഷണങ്ങള്‍ക്ക് ഉള്‍പ്പെടെ വന്‍ വിലവര്‍ധനയാണ് ഉണ്ടായത്. ഇതിലൊക്കെ പ്രതിഷേധം നടക്കുന്നതിനിടെയാണ് റിയല്‍ എസ്റ്റേറ്റ് രംഗത്തും ജിഎസ്ടി നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.

SHARE