അനുപം ഖേര്‍ ഗജേന്ദ്ര ചൗഹാനു പകരക്കാരന്‍, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്കു വീണ്ടും ബിജെപി അനുഭാവി തന്നെ

ന്യൂഡല്‍ഹി: നീണ്ട ഏഴ് മാസത്തെ അനിശ്ചിതത്തിനൊടുവില്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി ബോളിവുഡ് നടനും ബി.ജെ.പി അംഗവുമായ അനുപംഖേറിനെ നിയമിച്ചു. നേരത്തെ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനും നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ചെയര്‍മാനുമായി അനുപം ഖേര്‍ പ്രവര്‍ത്തിച്ചിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്യാം ബെനഗല്‍, മുകേഷ് ഖന്ന, ഗിരീഷ് കര്‍ണാട് തുടങ്ങിയവര്‍ മുമ്പ് ഈ സ്ഥാനത്ത് ഇരുന്നവരാണ്.

മുന്‍ ചെയര്‍മാനായിരുന്ന ഗജേന്ദ്രചൗഹാന്റെ കാലാവധി കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ചിരുന്നു. ഏറെ വിവാദമുയര്‍ത്തിയിരുന്ന നിയമനമായിരുന്നു ഗജേന്ദ്ര ചൗഹാന്റെത്. ക്യാമ്പസുകളെ കാവിവല്‍ക്കരിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം നിയമനങ്ങള്‍ എന്ന് അന്ന് വിമര്‍ശനമുയരുകയും സമരം രാജ്യത്തെ വിവിധ കോളെജുകളിലേക്ക് വ്യാപിക്കുകയും ചെയ്തിരുന്നു.

സിനിമയെക്കാള്‍ ഉപരിയായി ബി.ജെ.പി നേതാവാണെന്ന കാര്യമായിരുന്നു ഗജേന്ദ്ര ചൗഹാന്റെ നിയമനത്തിന് അനുകൂല ഘടകമായത്. ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനായി നിയമിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വലിയ വിദ്യാര്‍ഥി പ്രക്ഷോഭം നടന്നിരുന്നു. എഫ് ടി ഐ ഐ ചെയര്‍മാനാകാനുള്ള യോഗ്യത ഗജേന്ദ്ര ചൗഹാനില്ലെന്ന് അന്ന് അനുപം ഖേറും പറഞ്ഞിരുന്നു.

നേരത്തേ ഗജേന്ദ്ര ചൗഹാന്റെ യോഗ്യത ചോദ്യം ചെയ്ത് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും പുറത്തും ശക്തമായ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയാണ് ചൗഹാനെന്നും രാഷ്ട്രീയ താല്‍പര്യങ്ങള്‍ മുതലെടുത്താണ് അദ്ദേഹത്തെ ഈ സ്ഥാനത്ത് നിയമിച്ചിരിക്കുന്നതെന്നുമായിരുന്നു വിദ്യാര്‍ഥികളുടെ ആരോപണം. ബിആര്‍ ചോപ്രയുടെ മഹാഭാരതം ടെലിവിഷന്‍ സീരിയലിലെ യുധിഷ്ഠിരന്റെ വേഷം മാത്രമാണ് യോഗ്യതയെന്ന ആരോപണവും നിലനിന്നിരുന്നു.

SHARE