സാമ്പത്തികമാന്ദ്യ മുന്നറിയിപ്പിനെ തള്ളിയവര്‍ക്കു വീണ്ടും മറുപടി, രഘുറാം രാജന്‍ നൊബേല്‍ സമ്മാന സാധ്യത പട്ടികയില്‍, രാജനെ ഒഴിവാക്കിയ കേന്ദ്രത്തിനും തിരിച്ചടി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ ഈ വര്‍ഷത്തെ സാമ്പത്തിക നൊബേല്‍ സമ്മാന സാധ്യത പട്ടികയില്‍. ഒരു ഡസനോളം പേരുകള്‍ പരിഗണനയിലുള്ള ഈ വിഭാഗത്തില്‍ ഇത്തവണ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മുന്‍ ഗവര്‍ണര്‍ രഘുറാം രാജനുമുണ്ട്. ഗവേഷണങ്ങള്‍ക്കൊടുവില്‍ സയന്റിഫിക് റിസര്‍ച്ച് കമ്പനിയായ ക്ലാരിവേറ്റ് അനലിറ്റിക്‌സ് തയാറാക്കിയ നൊബേല്‍ സമ്മാനത്തിനു സാധ്യതയുള്ളവരുടെ പട്ടികയിലാണ് രഘുറാം രാജനുമുള്ളത്.

പട്ടികയില്‍ മുന്‍ നിരയില്‍ രഘുറാം ഇല്ലെന്നും പുരസ്‌കാരം കിട്ടാന്‍ സാധ്യത കല്‍പിക്കുന്നവരുടെ ഇടയില്‍ ഉണ്ടെന്നും വാള്‍ സ്ട്രീറ്റ് ജേര്‍ണലും റിപ്പോര്‍ട്ട് ചെയ്യുന്നു. നോട്ട് നിരോധനം നടപ്പിലാക്കിയ സമയത്ത് ഇദ്ദേഹമായിരുന്നു ആര്‍.ബി.ഐയുടെ ഗവര്‍ണര്‍. നോട്ട് നിരോധനത്തെ രഘുറാം രാജന്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. തിങ്കളാഴ്ചയാണ് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാന ജേതാക്കളെ പ്രഖ്യാപിക്കുക.

പാശ്ചാത്യരാജ്യങ്ങളില്‍ നിന്നല്ലാതെ അന്താരാഷ്ട്ര നാണ്യനിധിയുടെ ചീഫ് എക്കണോമിസ്റ്റായ പശ്ചാത്യരാഷ്ട്രങ്ങള്‍ക്കു പുറത്തുനിന്നുള്ള ആദ്യവ്യക്തിയാണു രാജന്‍. 2005ല്‍ അമേരിക്കയില്‍ നടന്ന കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരുടെ വാര്‍ഷികയോഗത്തില്‍ അവതരിപ്പിച്ച പ്രബന്ധം വളരെ ശ്രദ്ധ നേടിയിരുന്നു.

സാമ്പത്തികമാന്ദ്യമുണ്ടാകുമെന്ന് അന്ന് അദ്ദേഹം പ്രവചിച്ചു. ‘സാമ്പത്തികവികസനം ലോകത്തെ അപകടത്തിലാക്കും’ എന്ന ആ പ്രബന്ധം അംഗീകരിക്കാന്‍ ആരും തയാറായില്ല. മൂന്നു വര്‍ഷത്തിനുശേഷം 2008ല്‍ കടുത്ത സാന്പത്തിക പ്രതിസന്ധി അമേരിക്കയെ പിടിച്ചുലച്ചു. അന്ന് രാജന്റെ വാക്കുകള്‍ ചെവിക്കൊള്ളാത്ത സാമ്പത്തിക വിദഗ്ധര്‍ക്ക് പിന്നീട് ദുഃഖിക്കേണ്ടിവന്നു.

SHARE