ഗുര്‍മീതിന്റെ പേരില്‍ കലാപം നടത്താന്‍ ഹണിപ്രീത് ഒഴുക്കിയത് 1.25 കോടി രൂപ, ആസൂത്രണവും ‘വളര്‍ത്തുമകളുടെ’ തലയില്‍നിന്നുതന്നെയെന്നു വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: മാനഭംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന് ജയില്‍ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ഹരിയാനയിലെ പഞ്ച്കുളയിലുണ്ടായ അക്രമസംഭവങ്ങള്‍ക്കു പിന്നില്‍ ദത്തുപുത്രി ഹണിപ്രീത് ഇന്‍സാനായിരുന്നുവെന്ന് പോലീസ്. കലാപം നടത്തുന്നതിന് ഹണിപ്രീത് ദേര സച്ചാ സൗദ അനുയായികള്‍ക്ക് 1.25 കോടി രൂപ വിതരണം ചെയ്തതെന്ന് ഗുര്‍മീതിന്റെ സഹായിയും ഡ്രൈവറുമായിരുന്ന രാകേഷ് കുമാര്‍ മൊഴി നല്‍കി.

ഗുര്‍മീത് കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ ലഹളയെ തുടര്‍ന്ന് ഒരു മാസമായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്ന ഹണിയെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. 41 പേരുടെ മരണത്തിനിടയാക്കിയ ലഹളയുമായി ബന്ധപ്പെട്ട് പോലീസ് പുറത്തുവിട്ട കുറ്റവാളികളുടെ പട്ടികയില്‍ ഹണിപ്രീതാണു മുന്നില്‍. രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങളാണു ഹണിപ്രീതിനെതിരേ പോലീസ് ചുമത്തിയിട്ടുള്ളത്.

രണ്ട് സ്വകാര്യ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയാണ് ഹണിപ്രീതിന്റെ അറസ്റ്റ് നടന്നത്. പഞ്ച്കുല ലഹളയില്‍ തനിക്കു പങ്കുണ്ടെന്ന തരത്തില്‍ ഉയര്‍ന്ന ആരോപണം മാനസികമായി തകര്‍ത്തെന്നും ആരോപണത്തില്‍ കഴമ്പില്ലെന്നും ഹണിപ്രീത് വാര്‍ത്താ ചനലില്‍ നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. പപ്പ (ഗുര്‍മീത്) നിരപരാധിയാണെന്നും അദ്ദേഹത്തിനെതിരായ മാനഭംഗ കുറ്റാരോപണം തന്നെ മാനസികമായി തളര്‍ത്തിയെന്നും അവര്‍ പറഞ്ഞു.

SHARE