ഹണിപ്രീത് കരച്ചിലോടു കരച്ചില്‍, തട്ടിപ്പെന്നു മുന്‍ ഭര്‍ത്താവും പിതാവും, കസ്റ്റഡിയില്‍തന്നാല്‍ ഇപ്പ ശരിയാക്കിത്തരാമെന്നു പോലീസ്..!

ചണ്ഡിഗഡ്: മാനഭംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ ദത്തുപുത്രി ഹണിപ്രീത് പറയുന്നതെല്ലാം കള്ളമാണെന്ന് മുന്‍ ഭര്‍ത്താവും പിതാവും. ഹണി പ്രീതിന്റെ കണ്ണുനീര്‍ തട്ടിപ്പാണെന്നും അത് വിശ്വസിക്കരുതെന്നുമാണ് മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത പറഞ്ഞത്. അതേ സമയം പഞ്ച്കുല കോടതിയില്‍ ഹാജരാക്കിയ ഹണി പ്രീത് ജഡ്ജിയുടെ മുന്‍പില്‍ പൊട്ടിക്കരഞ്ഞു. പിന്നീട് കോടതി ഹണിപ്രീതിനെ ആറ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ഹണിപ്രീത് ഇന്‍സാന്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നാണു പോലീസ് നല്‍കുന്ന സൂചന. പോലീസുമായി സഹകരിക്കാത്തതിനാലാണ് ഹണിപ്രീതിനെ കൂടുതല്‍ ദിവസത്തേക്കു കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.

പഞ്ചാബിലെ സിരാക്പുര്‍പട്യാല റോഡില്‍നിന്നാണ് പ്രിയങ്ക തനേജ എന്ന ഹണിപ്രീത് ചൊവ്വാഴ്ച പിടിയിലായത്. ഗുര്‍മീതിനെതിരായ കോടതിവിധിക്കു മുമ്പ് ഉണ്ടായ ലഹളയെ തുടര്‍ന്ന് ഒരു മാസമായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. 41 പേരുടെ മരണത്തിനിടയാക്കിയ ലഹളയുമായി ബന്ധപ്പെട്ട് പോലീസ് പുറത്തുവിട്ട കുറ്റവാളികളുടെ പട്ടികയില്‍ ഹണിപ്രീതാണു മുന്നില്‍. രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങളാണു ഹണിപ്രീതിനെതിരേ പോലീസ് ചുമത്തിയിട്ടുള്ളത്.

SHARE