പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം; തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാന്‍ ആലോചന

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ദേശസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നെന്ന കാരണംപറഞ്ഞാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. നിയമവിരുദ്ധപ്രവര്‍ത്തനം തടയാനുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഈ സംഘടനയെ നിയമവിരുദ്ധ സംഘടനകളുടെ പട്ടികയില്‍പ്പെടുത്തണോ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണോ എന്ന കാര്യം ആഭ്യന്തര മന്ത്രാലയം ആലോചിക്കുകയാണ്.
ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ.), കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ എന്നിവയിലെ ഉന്നതരും കഴിഞ്ഞയാഴ്ച യോഗം ചേര്‍ന്ന് നിരോധനവിജ്ഞാപനം ഇറക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. നടപടി കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നതിനാല്‍ പഴുതുകളില്ലാതെ വിജ്ഞാപനം തയ്യാറാക്കാനാണ് നിര്‍ദേശം. ദേശവിരുദ്ധമായ യാതൊരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നും കഴിഞ്ഞ 25 വര്‍ഷങ്ങളില്‍ 10 കേസുകള്‍ മാത്രമാണ് തങ്ങള്‍ക്കെതിരേ ഉള്ളതെന്നും പോപ്പുലര്‍ ഫ്രണ്ട് വിശദീകരിച്ചിരുന്നു.
എന്‍ഐഎയ്ക്കുപുറമേ കേരളം, കര്‍ണാടകം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ പോലീസും അന്വേഷിക്കുന്ന ഭീകരവാദക്കേസുകള്‍ മുന്‍നിര്‍ത്തിയാണ് നടപടിക്ക് നീക്കം. തങ്ങള്‍ അന്വേഷിക്കുന്ന ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചില കേസുകളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ടെന്ന എന്‍.ഐ.എ.യുടെ ആരോപണമാണ് പ്രധാനമായും ആഭ്യന്തരമന്ത്രാലയം കണക്കിലെടുക്കുന്നത്. കഴിഞ്ഞ കുറേക്കാലമായി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.

പോപ്പുലര്‍ ഫ്രണ്ട് ഭീകരസംഘടനയെന്ന് വ്യക്തമാക്കി എന്‍ഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കഴിഞ്ഞമാസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കേരളത്തിലേതുള്‍പ്പെടെ നാല് ഭീകരവാദ കേസുകളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും ഇതിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐയുടെയും പ്രവര്‍ത്തകര്‍ ശിക്ഷിക്കപ്പെടുകയോ കുറ്റപത്രം സമര്‍പ്പിക്കുകയോ ചെയ്തിട്ടുണ്ടെന്നും പ്രണയ മതംമാറ്റ ഭീകരതയായ ലൗ ജിഹാദ്, കശ്മീര്‍ റിക്രൂട്ട്‌മെന്റ്, ഐഎസ് റിക്രൂട്ട്‌മെന്റ് എന്നിവയിലെ പിഎഫ്‌ഐയുടെ ബന്ധത്തിന്റെ തെളിവുകളും എന്‍ഐഎ കൈമാറിയ റിപ്പോര്‍ട്ടിലുണ്ട്.
ദേശീയസുരക്ഷ അപകടത്തിലാക്കുകയും ശാരീരികാക്രമണത്തിന് പ്രവര്‍ത്തകരെ സജ്ജരാക്കുകയും ചെയ്യുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വനിതാ വിഭാഗത്തിന്റെ ദേശീയ അധ്യക്ഷയായ സൈനബ വൈക്കത്തെ അഖിലയുള്‍പ്പെടെ നിരവധി പെണ്‍കുട്ടികളെ മതംമാറ്റിയതായി കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 23 സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ ഏറ്റവും സ്വാധീനമേഖല കേരളവും കര്‍ണാടകവും തമിഴ്‌നാടുമാണ്. ബോംബു നിര്‍മ്മാണത്തിനും പ്രത്യേക സംഘമുണ്ടെന്നും ആയുധപരിശീലനത്തിന് നിരവധി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

SHARE