ആള്‍ദൈവം ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് അറസ്റ്റില്‍, പിടിയിലായത് പഞ്ചാബിലെ സിറാക്പൂരില്‍നിന്ന്, പോലീസ് നടപടി ചാനല്‍ അഭിമുഖത്തിനു പിന്നാലെ

ന്യൂഡല്‍ഹി: ബലാല്‍സംഗ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് രാം റഹിം സിംഗിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് ഇന്‍സാനിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിറാക്പൂര്‍ പട്യാല റോഡില്‍ നിന്നാണ് ഹണിപ്രീതിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ഒരു മാസത്തോളം നീണ്ട തിരച്ചിലിനൊടുവിലാണ് ഹണിപ്രീതിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഗുര്‍മീതിനെ അറസ്റ്റുചെയ്തതിന് പിന്നാലെ ഹണിപ്രീതും ഒളിവില്‍ പോകുകയായിരുന്നു.

ആള്‍ദൈവം ഗുര്‍മീതിന്റെ ദത്തു പുത്രിയാണ് താനെന്നും പിതാവുമായി തനിക്കുള്ള ബന്ധത്തെകുറിച്ച് ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഹണിപ്രീത് ഇന്‍സാന്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ന്യൂസ്24നു നല്‍കിയ അഭിമുഖത്തിലാണ് ഹണിപ്രീത് ഇക്കാര്യം വ്യക്തമാക്കിയത്. പിതാവിന് മകളെ സ്‌നേഹിച്ചു കൂടെയെന്നും സ്‌നേഹപൂര്‍വം സ്പര്‍ശിക്കുന്നതിന് എന്താണ് കുഴപ്പമെന്നും ഹണിപ്രീത് ചോദിക്കുന്നു. അഭിമുഖത്തിനു പിന്നാലെ പോലീസ് ഹണിപ്രീതിനെ പിടികൂടുകയായിരുന്നു.

ഹണിപ്രീതിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെപ്തംബര്‍ 27ന് ഡല്‍ഹി ഹൈകോടതി തള്ളിയിരുന്നു. അക്രമസംഭവങ്ങളെ പ്രോത്‌സാഹിപ്പിച്ചുവെന്ന കുറ്റാരോപണം നേരിടുന്ന സാഹചര്യത്തിലായിരുന്നു ജാമ്യാപേക്ഷ തള്ളിയത്.

ഹണിപ്രീതിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഹണിപ്രീതിന്റെ മുന്‍ ഭര്‍ത്താവ് വിശ്വാസ് ഗുപ്ത നേരത്തെ രംഗത്തെത്തിയിരുന്നു. ഹണിപ്രീതും ഗുര്‍മീതും തമ്മിലുള്ള അവിഹിതബന്ധത്തിനു സാക്ഷിയായതിനെ തുടര്‍ന്ന് തന്നെ കൊലപ്പെടുത്താന്‍ ഗുര്‍മീത് പദ്ധതിയിട്ടിരുന്നതായി വിശ്വാസ് ഗുപ്ത വെളിപ്പെടുത്തി.

SHARE