പുരസ്‌കാരങ്ങള്‍ തിരികെ നല്‍കാന്‍മാത്രം മണ്ടനല്ല ഞാന്‍, പറഞ്ഞത് മോദിയുടെ മൗനത്തെക്കുറിച്ച്… മോദിയുടെ നിലപാടിനെ പരിഹസിച്ചതില്‍ വ്യക്തത വരുത്തി പ്രകാശ് രാജ്

ബംഗളുരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നതില്‍ പ്രതിഷേധിച്ച് താന്‍ ദേശീയ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് നടന്‍ പ്രകാശ് രാജ്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് വാര്‍ത്ത നിഷേധിച്ച് പ്രകാശ് രാജ് രംഗത്തെത്തിയത്. പ്രധാനമന്ത്രിക്കെതിരെ പറഞ്ഞ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നം പ്രകാശ് രാജ് വ്യക്തമാക്കി.

തനിക്കു ലഭിച്ചിട്ടുള്ള ദേശീയ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുവാന്‍മാത്രം മണ്ടനല്ല താനെന്നും തന്റെ കഴിവിനു ലഭിച്ചിട്ടുള്ള പുരസ്‌കാരങ്ങളില്‍ താന്‍ അഭിമാനിക്കുന്നുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു. തന്റെ മുന്‍ പരാമര്‍ശത്തെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നു പറഞ്ഞ പ്രകാശ് രാജ് പക്ഷേ, പ്രധാനമന്ത്രിയുടെ മൗനത്തില്‍ തനിക്ക് ആശങ്കയുണ്ടെന്ന മുന്‍ പരാമര്‍ശം ആവര്‍ത്തിച്ചു. ഗൗരി ലങ്കേഷ് വധം ആഘോഷിക്കുന്നവര്‍ക്കെതിരെ നരേന്ദ്ര മോദി സ്വീകരിക്കുന്ന മൗനം തന്നെ ആശങ്കപ്പെടുത്തുന്നു എന്നാണ് പൊതു പരിപാടിയില്‍ പറഞ്ഞതെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുന്ന മൗനത്തെ പരിഹസിച്ചാണ് പ്രകാശ് രാജ് നേരത്തെ രംഗത്തെത്തിയത്. മോദി തന്നേക്കാള്‍ മികച്ച നടനാണെന്നും തനിക്കു ലഭിച്ചിരിക്കുന്ന അഞ്ചു ദേശീയ പുരസ്‌കാരങ്ങള്‍ക്കു മോദിയാണു കൂടുതല്‍ അര്‍ഹനെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശില്‍നിന്നുള്ള വീഡിയോകള്‍ കണ്ടാല്‍ മുഖ്യമന്ത്രിയെയും ക്ഷേത്രത്തിലെ പൂജാരിയെയും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.

ഗൗരി ലങ്കേഷിന്റെ മരണത്തില്‍ ഒരുമാസമായിട്ടും പ്രതികളെ പിടികൂടാത്ത സാഹചര്യത്തിലാണ് പ്രകാശ് രാജിന്റെ വിമര്‍ശനം. കൊല്ലപ്പെട്ട ഗൗരിയുമായി പ്രകാശ് രാജിനു മൂന്നര പതിറ്റാണ്ടിലേറെ പരിചയമുണ്ട്. ഗൗരിയുടെ പിതാവ് പ്രകാശിന്റെ ഗുരുസ്ഥാനീയനുമായിരുന്നു.

SHARE