വിശന്നുകരഞ്ഞ് കുഞ്ഞ്, കോടതിയില്‍ വിചാരണക്കെത്തിയ സ്ത്രീയുടെ കുഞ്ഞിനെ മുലയൂട്ടി വനിതാ പൊലീസ് ഓഫിസര്‍, താരമായി ലിന ഹാവോ

ബെയ്ജിങ്: കോടതിയില്‍ വിചാരണക്കെത്തിയ അമ്മയുടെ നാലു മാസം പ്രായമുള്ള കുഞ്ഞിന് പാലുകൊടുത്ത പൊലീസ് ഓഫിസര്‍ ലിന ഹാവോ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. വടക്കന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയിലാണ് സംഭവം.

വിശന്ന് കരയുന്ന കുഞ്ഞിന് പാലൂട്ടാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല ആ അമ്മ. സാമ്പത്തിക ഇടപാടില്‍ കുറ്റമാരോപിക്കപ്പെട്ട 34 പേരില്‍ ഒരാളാണ് കുഞ്ഞിന്റെ അമ്മ. കുഞ്ഞിന്റെ നിലവിളി നിസ്സഹായയായി നോക്കി നില്‍ക്കേണ്ടി വന്നപ്പോഴാണ് ഒരു പൊലീസ് ഉദ്യോഗസ്ഥ കുഞ്ഞിനെ പരിചരിക്കാന്‍ തയ്യാറാവുന്നത്. പിന്നീട് അമ്മയുടെ അനുവാദം വാങ്ങി അവര്‍ താനാദ്യമായി കാണുന്ന കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു.

സെപ്റ്റംബര്‍ 23ന് ചൈനയിലെ ഷാന്‍ഷി ജിന്‍ഷോങ് ഇന്റര്‍മീഡിയേറ്റ് പീപ്പിള്‍ കോടതിയിലാണ് സംഭവം. വിചാരണനേരിടുന്ന സ്ത്രീയുടെ കുഞ്ഞിനെ പാലൂട്ടുന്ന ലിനയുടെ ഫോട്ടോ സഹ പൊലീസുകാരി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ്.

ഈയിടെ അമ്മയായ തനിക്ക് കുഞ്ഞ് കരഞ്ഞപ്പോള്‍ കണ്ടു നില്‍ക്കാനായില്ലെന്നും ആരായാലും ഇത്തന്നെ ചെയ്യുമായിരുന്നുള്ളൂവെന്നും ലിന പറഞ്ഞു.

SHARE