ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് പോലീസ് കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ദിലീപിന്റെ അഞ്ചാമത്തെ ജാമ്യാപേക്ഷയുടെ വാദത്തിനിടെയാണ് ജാമ്യപേക്ഷ ശക്തമായി എതിര്‍ത്ത് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ജയിലില്‍ കിടന്നുകൊണ്ട് പ്രധാന സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പോലീസിന്റെ ആരോപണം. ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കരുതെന്നാണ് പോലീസ് കോടതിയില്‍ ആവശപ്പെട്ടു.
ദിലീപിന്റെ ഭാര്യ കാവ്യയുടെ സ്ഥാപനമായ ‘ലക്ഷ്യ’യില്‍ പള്‍സര്‍ സുനി വന്നുവെന്ന് മൊഴി നല്‍കിയ പ്രധാന സാക്ഷിയെ ആണ് ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് റിപ്പോര്‍ട്ട്. ലക്ഷ്യയിലെ മുന്‍ ജീവനക്കാരനാണ് ഇയാള്‍. ജയിലില്‍ കഴിയുമ്പോള്‍ പോലും സാക്ഷികളെ സ്വാധീനിക്കാന്‍ ശക്തിയുള്ള ആളാണ് ദിലീപ് എന്നു തെളിയിക്കാനാണ് പോലീസിന്റെ ശ്രമം.
അതേസമയം സാക്ഷികളെ സ്വാധീനിക്കില്ലെന്നും സോപാധിക ജാമ്യം നല്‍കണമെന്നുമാണ് ദിലീപിന്റെ പ്രധാന ആവശ്യം. ദിലീപിന്റെ അഭിഭാഷകന്റെ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു. പ്രോസിക്യുഷന്‍ വാദം ഇന്ന് നടക്കാനിരിക്കേയാണ് പോലീസ് നിര്‍ണാകയ വെളിപ്പെടുത്തലുമായി കോടതിയില്‍ എത്തുന്നത്. ലക്ഷ്യയിലെ ജീവനക്കാരന്‍ മൊഴിമാറ്റിയ കാര്യംകഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

SHARE