ചികിത്സകള്‍ ഫലംകണ്ടില്ല, ലോകത്തിലെ ഏറ്റവും ഭാരമേറിയ വനിത ഇമാന്‍ അഹമ്മദ് അന്തരിച്ചു, മരണം അബുദാബിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ

അബുദാബി: ലോകത്തിലെ ഏറ്റവും ഭാരമേറിയ വനിത ഇമാന്‍ അഹമ്മദ് അന്തരിച്ചു. അബുദാബിയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ഈജിപ്തിലെ അലക്‌സാണ്ട്രിയയില്‍ നിന്നുള്ള 500 കിലോ ഭാരമുള്ള ഇമാന്‍ ചികിത്സക്കായി ഇന്ത്യയിലുമെത്തിയിരുന്നു. മുംബൈയില്‍ നടത്തിയ ശസ്ത്രക്രിയക്ക് ശേഷം തുടര്‍ചികില്‍സക്കായി ഇവരെ അബൂദബിയിലേക്ക് എത്തിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇമാന്‍ തന്റെ 37ാം പിറന്നാള്‍ ആഘോഷിച്ചത്.

അബുദാബിയിലെ ബുര്‍ജീല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ആണ് മരണം. ഭാരം കുറയ്ക്കാനുള്ള ചികിത്സയാണ് നടന്നുകൊണ്ടിരുന്നത്. ചികിത്സയ്ക്കിടെ കിഡ്‌നി തകരാറിലായും ഹൃദയത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടതുമാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. ഈജിപ്തുകാരിയായ ഇമാന്‍ കഴിഞ്ഞ മെയിലാണ് ചികിത്സയ്ക്കായി ബുര്‍ജീലില്‍ എത്തിയത്. 20 ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധ സംഘമാണ് ഇമാന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയിരുന്നത്.

അമിതവണ്ണം കാരണം 25 വര്‍ഷമായി കിടക്കയില്‍ കഴിയുന്ന ഇമാനെ ഈജിപ്തില്‍നിന്ന് മുംബൈയില്‍ കൊണ്ടുവരുമ്പോള്‍ മൂന്നുവര്‍ഷം മുന്‍പുണ്ടായ പക്ഷാഘാതത്തിന്റെ അവശതകളുമുണ്ടായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ഇമാന്റെ വലതു വശം തളര്‍ന്നിരുന്നു. വിഷാദം , രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങളും ബാധിച്ചു.

അബുദാബിയിലെ ചികിത്സയെത്തുടര്‍ന്ന് ആദ്യമായി ഇമാന് തനിയെ ഭക്ഷണം കഴിക്കാനായാതും വാര്‍ത്തയായിരുന്നു. സ്പീച്ച് തെറപ്പി നടത്തി ശബ്ദത്തിന് വ്യക്തത വരുത്തി. രണ്ടു വര്‍ഷത്തിനിടെ ഇതാദ്യമായി കൈകാലുകള്‍ അനക്കിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

SHARE