തോമസ് ചാണ്ടിയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം, വി.എസ്. പറഞ്ഞ പ്രമാണി ആരെന്ന് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കായല്‍ കൈയ്യേറിയെന്ന ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് റവന്യൂ മന്ത്രിയ്ക്ക് കത്തു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് മന്ത്രി ചെയ്തിരിക്കുന്നത്. മിച്ചഭൂമിയായി പിടിച്ചെടുത്ത മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ട് നികത്തി റിസോര്‍ട്ട് പണിയാന്‍ ശ്രമിച്ചതും കുറ്റമാണ്. വിഷയത്തില്‍ മുഖ്യമന്ത്രി കാണിക്കുന്ന മൗനം ദുരൂഹമണെന്നും അദ്ദേഹം ആരോപിച്ചു.

വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞ പ്രമാണി ആരെന്ന് വ്യക്തമാക്കണം. പ്രമാണി പിണറായിയാണോ കോടിയേരിയാണോ എന്നും ചെന്നിത്തല ചോദിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങളിലും സര്‍ക്കാര്‍ മൗനം പാലിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

SHARE