ക്രമംതെറ്റിയ ജീവിതശൈലി ഒഴിവാക്കിയാല്‍ മനുഷ്യനു 400 വര്‍ഷംവരെ ജീവിക്കാം; അമിത് ഷായെ ഉദാഹരിച്ച് യോഗാ ഗുരു ബാബാ രാംദേവ്

ന്യൂഡല്‍ഹി: ക്രമംതെറ്റിയ ജീവിതശൈലികള്‍ അകറ്റിനിര്‍ത്തിയാല്‍ മനുഷ്യനു 400 വര്‍ഷംവരെ ജീവിക്കാമെന്ന് വിവാദ യോഗാ ഗുരു ബാബാ രാംദേവ്. മനുഷ്യ ശരീരം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് 400 വര്‍ഷം ആയുസ് ലഭിക്കുന്ന രീതിയിലാണ്. എന്നാല്‍, തെറ്റായ ജീവിതശൈലിയാണ് ആയുര്‍ദൈര്‍ഘ്യം കുറയാന്‍ കാരണമെന്ന് രാംദേവ് പറയുന്നു.

അമിത ഭക്ഷണവും മറ്റും കൊണ്ട് ഉയര്‍ന്ന രക്തസമ്മര്‍ദവും ഹൃദ്‌രോഗവും മറ്റു രോഗങ്ങളുമൊക്കെ മനുഷ്യന്‍ ക്ഷണിച്ചുവരുത്തുകയാണ്. ഇത് മനുഷ്യന്റെ പകുതിയിലേറെ ആയുസ് ഇല്ലാതാക്കും. പിന്നീടങ്ങോട്ടുള്ള ആയുസ് താങ്ങിനിര്‍ത്തുന്നത് തന്നെ ഡോക്ടര്‍മാരുടെ മിടുക്കും മരുന്നും കൊണ്ടായിരിക്കുമെന്നും രാംദേവ് പറഞ്ഞു. സമീകൃതാഹാരവും സ്ഥിരമായ വ്യായാമവുമുണ്ടെങ്കില്‍ രോഗത്തെ അകറ്റി നിര്‍ത്തി ആരോഗ്യപരമായി ജീവിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ഭക്ഷണം നിയന്ത്രിച്ച് ആരോഗ്യം നിലനിലനിര്‍ത്തുന്നതിന് ബിജെപി അധ്യക്ഷന്‍ അമിത് ഷായെയാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. ഭക്ഷണം നിയന്ത്രിച്ചതിലൂടെ 38 കിലോ ഭാരമാണ് അദ്ദേഹം കുറച്ചതെന്ന് ബാബ അറിയിച്ചു. ഉച്ചഭക്ഷണത്തില്‍ കര്‍ശന നിയന്ത്രണം വരുത്തുന്നതിനൊപ്പം രാത്രി ഭക്ഷണം പുഴുങ്ങിയ പച്ചക്കറിയും സൂപ്പുമായി മിതപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ഇതിനൊപ്പം പതഞ്ജലി ഉത്പന്നങ്ങളുടെ ഗുണഗണങ്ങളും ഗുണമേന്മയും വിവരിക്കാനും രാംദേവ് മറന്നില്ല.

SHARE