തിരുവോണനാളില്‍ അഞ്ച് യുവതാരങ്ങള്‍ പിടിയില്‍… വാര്‍ത്ത കണ്ട് ഞെട്ടി മലയാളസിനിമാലോകം; വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്..

കൊച്ചി: തിരുവോണനാളില്‍ സമൂഹമാധ്യമങ്ങളിലെത്തിയ ഒരുവാര്‍ത്ത കണ്ട് മലയാളസിനിമാലോകം ഞെട്ടി. ‘മന്ദാകിനി’; അഞ്ച് യുവതാരങ്ങള്‍ പിടിയില്‍, പിടിയിലായവരില്‍ യുവ സംവിധായകനും, അന്വേഷണം മറ്റ് പ്രമുഖരിലേക്കും. കൂടുതല്‍ പേര്‍ കുടുങ്ങിയേക്കും. സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ശബരീഷ്, അല്‍ത്താഫ്, ഷിയാസ് എന്നിവരാണ് വാര്‍ത്തയിലുണ്ടായിരുന്നത്.

ഒറ്റ നോട്ടില്‍ ഒരു പത്രകുറിപ്പാണെന്ന് തോന്നുമെങ്കിലും ‘മന്ദാകിനി’ എന്ന ‘വാര്‍ത്താകുറിപ്പ്’ സിനിമയുടെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റാണ് ഇത്. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജെനിത് കാച്ചിപ്പള്ളി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മന്ദാകിനി. ഇതുപോലൊരു ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് ചിലപ്പോള്‍ ആദ്യമാകും. വാര്‍ത്തയും സിനിമയും ഏതായാലും സമൂഹമാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ചയ്ക്ക് ഇടയാക്കി.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിഹാസ, സ്‌റ്റൈല്‍ എന്നീ സിനിമകള്‍ക്ക് ശേഷം ആര്‍ക് മീഡിയയുടെ ബാനറില്‍ രാജേഷ് അഗസ്റ്റിനാണ് ചിത്രം നിര്‍മിക്കുന്നത്.

നിര്‍മ്മാതാവ് രാജേഷ് അഗസ്റ്റിനാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്. രാജേഷിന്റെ പോസ്റ്റില്‍ നിന്നും…

‘സിജു വില്‍സന്‍, കൃഷ്ണ ശങ്കര്‍, ശബരീഷ്, ഷിയാസ്, അഭിനേതാവും യുവ സംവിധായകുനുമായ അല്‍ത്താഫ് സലീമും ആണ് പുതുമുഖ സംവിധായകന്‍ ജെനിത് കാച്ചപ്പിള്ളിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ വെച്ചു നടന്ന ഓപ്പറേഷനില്‍ പിടിയിലായത്. യുവാക്കള്‍ക്കിടയില്‍ സിനിമയെത്തിക്കുന്ന ഈ റാക്കറ്റിനെ വെറുതെ കാണുവാനും ഓട്ടോഗ്രാഫ് വാങ്ങിക്കുവാനും എന്ന വ്യാജേന ബന്ധപ്പെട്ട സംവിധായകനും സംഘവും കിട്ടിയ സമയത്തിനുള്ളില്‍ കഥ പറഞ്ഞ് മയക്കിയാണ് പിടിയിലാക്കിയത്.

നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ ആളുകളുടെ മനസ്സ് മോഷ്ടിച്ച് തുടങ്ങിയ ഈ സംഘം പുതിയ ചിത്രങ്ങളിലൂടെ മോഷണം തുടര്‍ന്ന് കൊണ്ടിരിക്കുമ്പോഴാണ് സംവിധായകന്റെ ഈ നീക്കം. അഞ്ഞ് സുഹൃത്തുക്കളുടെ കുരുത്തക്കേടിന്റെ കഥയായ മന്ദാകിനി കേട്ട അഞ്ചുപേരും ചെറുത്ത് നില്‍പ്പില്ലാതെ ഒരുപോലെ കീഴടങ്ങുകയായിരുന്നു. അഭിനയിച്ചു കൊണ്ടിരിക്കുന്ന പ്രമുഖ ചിത്രങ്ങള്‍ക്ക് ശേഷം പ്രധാന പ്രതികളെ വിട്ടു കിട്ടുവാനായി കാത്തിരിക്കുന്ന മന്ദാകിനിക്ക് വേണ്ടിയുള്ള ആസുത്രണം നാളുകളായി നടന്നു വരികയായിരുന്നു.

യുവ സാന്നിധ്യങ്ങളും കാലഘട്ടത്തിന് ചേര്‍ന്ന നവ സമീപനങ്ങളും ഉണര്‍ന്ന് പകര്‍ന്നു കൊണ്ടിരിക്കുന്ന മലയാള സിനിമയിലേക്കുള്ള കിടിലം സംഭാവനയായിരിക്കും എന്ന് സംവിധായകന്‍ മാത്രം അവകാശപ്പെടുന്ന മന്ദാകിനിക്ക് വേണ്ടി ഭാര്യയുടെ മാലയും വളയും പണയം വെച്ചിരിക്കുന്നത് ഇതിഹാസ, സ്‌റ്റൈല്‍ എന്നിവയുടെ നിര്‍മ്മാതാവായ രാജേഷ് അഗസ്റ്റിനാണ്. നവംബറില്‍ തുടങ്ങാനിരിക്കുന്ന മന്ദാകിനിയുടെ മറ്റ് താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമായി സംവിധായകനും സംഘവും വള്ളവും വലയുമായി പുറം കടലിലേക്ക് പുറപ്പെട്ടു കഴിഞ്ഞു.’

SHARE