മകന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കയറിയ അമ്മയെ പുറത്തുപോകാന്‍ സഹായിച്ച് പോലീസ്

ഇംഗ്ലണ്ട്: മകന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ അറിയാതെ കയറി ‘വഴിമുട്ടിയ’ അമ്മക്ക് പുറത്തേക്കുള്ള വഴി കാണിച്ചത് പൊലീസ്. മകന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ അറിയാതെ കയറിയ ഇംഗ്ലണ്ട് സ്വദേശി ലോണ തോമസ് ലോഗൗട്ട് ചെയ്യുന്നതെങ്ങനെ എന്ന് മകനോട് ചോദിക്കുന്ന പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
തന്റെ ഫേസ്ബുക്ക് അക്കൗണ്ട് എന്ന് കരുതി ലോണ തോമസ് കയറിയത് മകന്റെ അക്കൗണ്ടിലായിരുന്നു. അക്കൗണ്ട് ലോഗൗട്ട് ചെയ്യുന്നതെങ്ങനെയെന്ന് ചോദിച്ചുകൊണ്ട് ലോണ പോസ്റ്റ് ഇട്ടത് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സൈറ്റിലേക്കും. തുടര്‍ന്ന് ലോണയെ പൊലീസ് ഡിപാര്‍ട്ട്‌മെന്റ് ലോഗൗട്ട് ചെയ്യാന്‍ സഹായിച്ചു.
പേജിന്റെ വലതുവശത്തു മുകളില്‍ കാണുന്ന ആരോയില്‍ പോയി ലോഗൗട്ട് ചെയ്യണമെന്ന മറുപടിയാണ് പൊലീസ് നല്‍കിയത്. 101 വിശദ മറുപടികളാണ് ലോണക്ക് ലഭിച്ചത്. ഏകേശം 3000 പേരാണ് ലോണയുടെ പോസ്റ്റ് ലൈക്ക് ചെയ്തത്. 275 പേര്‍ ഷെയര്‍ ചെയ്തു. അമ്മയെ ലോഗൗട്ട് ചെയ്യാന്‍ സഹായിച്ചതിന് മകന്‍ ഡാനിയല്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന് നന്ദി അറിയിക്കുകയും ചെയ്തു.

SHARE