ഓണസദ്യയൊരുക്കല്‍ കണ്ണുനിറയ്ക്കും; ഉപ്പേരി വില 400ലേക്ക്

നാടെങ്ങും ഓണാഘോഷത്തിരക്കിലാണ്. മത്സരങ്ങളും ഓണസദ്യയരൊരുക്കലുമായി മലയാളികള്‍ എങ്ങും തിരക്കിലമര്‍ന്നു കഴിഞ്ഞു. എന്നാല്‍ മത്സരം വേറൊരു കാര്യത്തിലുമുണ്ട്. ഓണസദ്യയ്ക്കുള്ള വിഭവങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്ന കാര്യത്തിലും മത്സരം നടക്കുന്നുവെന്ന് പറഞ്ഞാല്‍ തെറ്റില്ല. കാരണം ഇത്തവണ ഓണസദ്യയിലെ പ്രധാന ഇനമായ ഉപ്പേരി അല്‍പ്പം കയ്പ്പാകുമെന്നാണ് കരുതുന്നത്. തിരുവോണത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഉപ്പേരി വില റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. മാര്‍ക്കറ്റില്‍ ഒരു കിലോ ഏത്തക്ക ഉപ്പേരിക്ക് 375 രൂപ വിലയായിരിക്കുന്നു.
ഇന്നും നാളെയുമായി വില ഇനിയും വര്‍ധിച്ചേക്കുമെന്നു വ്യാപാരികള്‍തന്നെ മുന്നറിയിപ്പ് നല്‍കുന്നു. അങ്ങനെ വന്നാല്‍ തിരുവോണ സദ്യയുണ്ണുമ്പോഴേക്കും ഉപ്പേരി വില 400 കടക്കും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയോളമാണ് ഇക്കുറി ഉപ്പേരിക്ക് വില. നേന്ത്രക്കായ വിലയിലുണ്ടായ വര്‍ധനയ്‌ക്കൊപ്പം വെളിച്ചെണ്ണ വിലയും ഉയര്‍ന്നതാണ് ഉപ്പേരി വില വര്‍ധിക്കാന്‍ കാരണമെന്നു വ്യാപാരികള്‍ പറയുന്നു. ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 160 രൂപയോളമാണ് മാര്‍ക്കറ്റ് വില. കഴിഞ്ഞയാഴ്ച വരെ 130 രൂപയില്‍ നിന്ന വെളിച്ചെണ്ണ വിലയാണ് ഇപ്പോള്‍ കുതിച്ചുയര്‍ന്നത്.
ജിഎസ്ടി വന്നതാണ് ബ്രാന്‍ഡഡ് വെളിച്ചെണ്ണ വില ഉയരാന്‍ കാരണമെന്ന് പറയുന്നുണ്ടെങ്കിലും ഓണ വിപണി ലക്ഷ്യമിട്ട് കൃത്രിമമായി വില ഉയര്‍ത്തുകയാണെന്നും ആക്ഷേപമുണ്ട്. കിലോയ്ക്ക് 90 രൂപ വിലയുള്ള ശബരി വെളിച്ചെണ്ണയാവട്ടെ സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ കിട്ടാനുമില്ല. ഇതിനിടെ നേന്ത്രക്കായ വിലയും കുതിച്ചുയര്‍ന്നു. ഇന്നലെ 70 – 75 രൂപയാണ് ഒരു കിലോയ്ക്കു കൊച്ചിയിലെ വില.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന നേന്ത്രക്കായയുടെ അളവ് കുറഞ്ഞതും വില ഉയരാന്‍ കാരണമായിട്ടുണ്ട്. സംസ്ഥാനത്ത് നേന്ത്രവാഴ കൃഷി ഇക്കൊല്ലം ഗണ്യമായി കുറഞ്ഞിട്ടുമുണ്ട്. ഇതോടെ ഉപ്പേരിക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന കായയെ ആശ്രയിക്കുകയല്ലാതെ മറ്റു മാര്‍ഗവുമില്ല. നാടന്‍ കായ ലഭിക്കുന്നുണ്ടെങ്കിലും അളവു നന്നേ കുറവാണ്.
ഓണ വിപണി ലാക്കാക്കി തമിഴ്‌നാട്ടില്‍ നിന്നും ഉപ്പേരികള്‍ വിപണിയിലെത്തുന്നുണ്ടെങ്കിലും ഗുണമേന്മ താരതമ്യേന കുറവാണെന്നാണു ചെറുകിട കച്ചവടക്കാരുടെ അഭിപ്രായം. ഇതിന് ആവശ്യക്കാരും കുറവാണ്. ശുദ്ധമായ വെളിച്ചെണ്ണയില്‍ ഉപ്പേരി തയ്യാറാക്കിയാല്‍ രുചിയും ആവശ്യക്കാരും ഏറുമെങ്കിലും ഇത് വേഗം കേടാകുമെന്നതിനാല്‍ മറ്റ് എണ്ണകളാണ് പുറത്തുനിന്നും വരുന്ന ഉപ്പേരികള്‍ വറുക്കാന്‍ ഉപയോഗിക്കുന്നത് എന്നതാണ് വാസ്തവം. എങ്കിലും ഉപ്പേരി ഇല്ലാതെ ഓണസദ്യ പൂര്‍ണമാകില്ലെന്നതുകൊണ്ടുതന്നെ എന്തുവിലകൊടുത്തും വാങ്ങാതിരിക്കാനാവില്ലെന്നാണ് മലയാളികളുടെ പക്ഷം.

SHARE