പായസമില്ലാതെ എന്ത് ഓണം..

പായസമില്ലാതെ എന്ത് ഓണം.. ഓണ സദ്യ പൂര്‍ണമാവണമെങ്കില്‍ പായസം വേണം. സാധാരണ എളുപ്പ പണിയാക്കായ് പാല്‍ പായസമാവും പലരും ഉണ്ടാക്കാറ് . എന്നാല്‍ എല്ലാതരം പായസവും വളരെ എവുപ്പത്തില്‍ തന്നെ തയ്യാറാക്കാം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് ഗോതമ്പ് പായസം.

ആവശ്യമായ സാധനങ്ങള്‍

സൂചിഗോതമ്പ് (നുറുക്ക്) അര കപ്പ്
മില്‍ക് മെയ്ഡ് അര കപ്പ്
പഞ്ചസാര അര കപ്പ്
തേങ്ങാപ്പാല്‍ (രണ്ടാം പാല്‍) മൂന്ന് കപ്പ്
തേങ്ങാപ്പാല്‍ (ഒന്നാംപാല്‍) ഒന്നര കപ്പ്
നെയ്യ് 2 ടേബിള്‍ സ്പൂണ്‍
അണ്ടിപ്പരിപ്പ് 25 ഗ്രാം
കിസ്മിസ് 25 ഗ്രാം
ഏലയ്ക്കാപൊടിച്ചത് അര ടീസ്പൂണ്‍

തയാറാക്കുന്നവിധം
ഗോതമ്പ് കഴുകി വൃത്തിയാക്കി, തേങ്ങയുടെ രണ്ടാം പാലും പഞ്ചസാരയും ചേര്‍ത്ത് ഒരു കുക്കറില്‍ 25 മിനിറ്റ് വേവിക്കുക.(ആദ്യത്തെ വിസില്‍ കേട്ട് കഴിഞ്ഞാല്‍ തീ കുറച്ചശേഷം ആറു വിസില്‍ കേള്‍ക്കുന്നതുവരെ വേവിക്കുക).
ഗോതമ്പ് നന്നായി വെന്ത് കുറുകിക്കഴിയുമ്പോള്‍ തേങ്ങയുടെ ഒന്നാംപാലും ചേര്‍ത്ത് തിളപ്പിക്കുക. തിള വന്നു തുടങ്ങുമ്പോള്‍ കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് അടുപ്പില്‍ നിന്നു മാറ്റുക. മറ്റൊരു പാത്രത്തില്‍ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും കിസ്മിസും മൂപ്പിച്ച് ആ നെയ്യോടു കൂടി പായസത്തിലേക്ക് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക.

SHARE