ഓണമാഘോഷിക്കാന്‍ മലയാളികള്‍ പാടുപെടും; അരിവില 50ല്‍ എത്തി, ഓണദിവസങ്ങളില്‍ 60 കടന്നേക്കും; സര്‍ക്കാര്‍ നോക്കിനില്‍ക്കുന്നു

കൊല്ലം: മലയാളികള്‍ ഓണം ആഘോഷിക്കാനുള്ള തിരക്കിലാണ്. എന്നാല്‍ ഇത്തവണ പതിവില്‍നിന്ന് വ്യത്യസ്തമായി മലയാളികള്‍ വന്‍ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രധാനമായും സാധനങ്ങളുടെ വില വര്‍ധനവ് തന്നെ. ഇപ്പോള്‍ അരിവിലയും കുതിച്ചുകയറിക്കൊണ്ടിരിക്കുകായാണ്. പൊതുവിപണിയില്‍ 50 രൂപയെത്തിയ അരിവില ഓണദിവസങ്ങളില്‍ അറുപത് കടക്കുമെന്നാണ് വിപണി നല്‍കുന്ന സൂചന. ഓണദിവസങ്ങളില്‍ മട്ട അരിയോ ബ്രാന്‍ഡഡ് അരികളോ ആണ് മലയാളികള്‍ക്ക് താല്‍പര്യം. ആന്ധ്രയില്‍ നിന്നും ഓണക്കാല വിപണി ലക്ഷ്യമിട്ട് വേണ്ടത്ര അരി കേരളത്തില്‍ എത്തിയിട്ടില്ല.
ഇതിനാല്‍ അരിവില പിടിച്ചുനിര്‍ത്താന്‍ കഴിയില്ലെന്ന് വ്യാപാരികള്‍ വ്യക്തമാക്കി. ഓണക്കാലത്ത് സംസ്ഥാനത്ത് അരിവില കൂടില്ലെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചെങ്കിലും അരിവിലയില്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിലവര്‍ധനവ് വരുംദിവസങ്ങളില്‍ തുടരുമെന്നാണ് സൂചന. ജയ അരിക്ക് 45 രൂപയാണ് ഇപ്പോഴത്തെ വില. മട്ട അരിയുടെ വില 50 വരെ ആയിട്ടുണ്ട്. കഴിഞ്ഞ ഓണത്തിനു കിലോയ്ക്ക് 28 രൂപയായിരുന്ന അരിക്കാണ് ഇക്കുറി അമ്പത് രൂപയായി ഉയര്‍ന്നിട്ടുള്ളത്. ആന്ധ്രലോബി അരി പിടിച്ച് വയ്ക്കുന്നതാണ് അരിവരവ് കുറയാന്‍ കാരണമായത്. ഇടനിലക്കാരെ ഒഴിവാക്കി ഇ ടെന്‍ഡര്‍ മുഖേന ആന്ധ്രയില്‍ നിന്ന് അരി എടുക്കാന്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നീക്കം നടത്തിയിരുന്നു. മൊത്തകച്ചവടക്കാരില്‍ നിന്ന് ഇടനിലക്കാര്‍ മുഖേന മാത്രം അരി എടുക്കാവൂ എന്നകാര്യത്തില്‍ ഉറച്ച നിലപാടിലാണ് ആന്ധ്രയിലെ അരി ലോബി. ഇതിനായിട്ടാണ് ഇടെന്‍ഡര്‍ പൊളിക്കാന്‍ നീക്കം നടത്തുന്നത്. ആന്ധ്ര ലോബി അരി പിടിച്ച് വയ്ക്കുകയാണെങ്കില്‍ അരി വില ഉയരാനുള്ള സാധ്യതയാണുള്ളത്. ഈ സാഹചര്യത്തില്‍ നിലവാരം കുറഞ്ഞ അരി വിപണികളില്‍ എത്താനുള്ള സാഹചര്യമുണ്ട്.
ഇതിനിടെ ജിഎസ്ടി ഏര്‍പ്പെടുത്തിയതും അരിവിലയെ ബാധിച്ചു. സാധാരണ അരിക്ക് നികുതിയില്ലെങ്കിലും പായ്ക്ക് ചെയ്ത് വില്‍ക്കുന്ന ബ്രാന്‍ഡ് അരികളുടെ വിലയെ ബാധിച്ചിട്ടുണ്ട്. അഞ്ചു ശതമാനം നികുതിയാണ് ഇത്തരത്തില്‍ വില്‍ക്കപ്പെടുന്ന ബ്രാന്‍ഡഡ് അരികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജിഎസ്ടി ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് ബ്രാന്‍ഡഡ് അരിയ്ക്ക് നികുതി ഇല്ലായിരുന്നു. ജിഎസ്ടി വന്നതോടെ കിലോയ്ക്ക് രണ്ടര രൂപയിലധികമാണ് ഇപ്പോള്‍ കൂടിയത്. ബ്രാന്‍ഡഡ് അരിയുടെ ഹോള്‍സെയില്‍ വില മുന്‍പ് 47.50 രൂപയായിരുന്നു. ഇത് 50.50 ആയാണ് ഇപ്പോള്‍ വര്‍ധിച്ചത്.
രാജ്യത്തെ ബ്രാന്‍ഡഡ് അരിയുടെ വിപണി 17 ശതമാനം മാത്രമാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ ബ്രാന്‍ഡഡ് അരി ഉപയോഗിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നുകൂടിയാണ് കേരളം. പല പേരുകളില്‍ ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തുന്ന അരിക്ക് ആവശ്യക്കാരേറെയാണ്.
സാധാരണ അരി റേഷന്‍ കടകളിലും മറ്റുമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ചെറുകിട പലചരക്ക് കടകളില്‍ പോലും ബ്രാന്‍ഡഡ് അരിക്ക് മാത്രമാണ് ആവശ്യക്കാര്‍. അരിവില കുതിക്കുമ്പോഴും സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് തുടങ്ങിയ പല അരിക്കടകള്‍ ശൂന്യമാണ്. നഗരങ്ങളിലെ അരിക്കടകളില്‍ മാത്രമാണ് പേരിനെങ്കിലും സ്‌റ്റോക്കുള്ളത്. ഗ്രാമീണ മേഖലയിലെ അരിക്കടകള്‍ മിക്കതും ശൂന്യമാണ്. ആവശ്യത്തിന് സ്‌റ്റോക്കെടുത്ത് കൊടുക്കാന്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് കഴിഞ്ഞിട്ടില്ല. പൊതു വിപണിയിലെ വില നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നടപടികളൊന്നും ഫലം കണ്ടിട്ടില്ല. സിവില്‍ സപ്ലൈസിന്റെ ഓണവിപണി ആരംഭിച്ചിട്ടുണ്ടെങ്കിലും സബ്‌സിഡി സാധനങ്ങളുടെ വിതരണത്തിന് നിയന്ത്രണമുണ്ട്. സഹകരണ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന ഓണ വിപണികള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ കാലങ്ങളില്‍ മുന്നും നാലും ഓണച്ചന്തകള്‍ അനുവദിച്ചിരുന്നെങ്കില്‍ ഇപ്പോഴത് ഒന്നും രണ്ടുമായി ചുരുക്കിയിട്ടുണ്ട്. ഓണക്കാലത്ത് പൊതു വിപണിയിലുണ്ടാകുന്ന തീവെട്ടി കൊള്ള തടയാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ സ്വീകരിക്കുന്ന നടപടികളെല്ലാം വിഫലമാണ്.

SHARE