ആരോഗ്യ വകുപ്പിലെ തുടര്‍ വിവാദങ്ങള്‍; സിപിഎമ്മില്‍ അതൃപ്തി; ശൈലജയ്ക്ക് തിരിച്ചടി

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ആരോഗ്യ വകുപ്പും തുടര്‍ച്ചയായി വിവാദങ്ങളില്‍ പെടുന്നത് പാര്‍ട്ടിക്കുള്ളില്‍ അതൃപ്തിക്ക് ഇടയാക്കുന്നു. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കുന്ന തലത്തിലേക്ക് എത്തിയെന്നും പാര്‍ട്ടിക്കുള്ളില്‍ ആരോപണമുണ്ട്. അതുകൊണ്ട് തന്നെ ശൈലജയില്‍നിന്ന് ആരോഗ്യവകുപ്പ് എടുത്തുമാറ്റി സര്‍ക്കാരിന്റെ മുഖം മിനുക്കണമെന്നാണു പാര്‍ട്ടിക്കുള്ളിലെ അഭിപ്രായം. വകുപ്പു സെക്രട്ടറിയുടെ നിയന്ത്രണത്തിലാണു മന്ത്രിയെന്നു ഘടകകക്ഷികളും ആരോപിക്കുന്നു. പനിമരണങ്ങള്‍ കൂടിയതിലൂടെ സര്‍ക്കാരിനു മോശം പ്രതിഛായയുണ്ടായതും അനായാസമായി പരിഹരിക്കാന്‍ കഴിയുമായിരുന്ന മെഡിക്കല്‍ പ്രവേശന നടപടികള്‍ താറുമാറായതും ഹൈക്കോടതിയില്‍നിന്നു രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നതും ഭരണത്തില്‍ മന്ത്രിയുടെ നിയന്ത്രണമില്ലായ്മയാണു വ്യക്തമാക്കുന്നതെന്ന അഭിപ്രായമാണു ഘടകക്ഷികള്‍ക്ക്. എല്‍ഡിഎഫിന്റെ പ്രകടനപത്രികയിലുള്ള കാര്യങ്ങളില്‍പ്പോലും വേഗത്തില്‍ തീരുമാനമെടുക്കാന്‍ സെക്രട്ടറിയുടെ ഓഫിസ് തയാറാകുന്നില്ലെന്നും ഫയലുകളിലെ തീരുമാനം തങ്ങളെ അറിയിക്കുന്നില്ലെന്നും മന്ത്രിയുടെ ഓഫിസ് കുറ്റപ്പെടുത്തുന്നു. മെഡിക്കല്‍ പ്രവേശന നടപടികളില്‍ വീഴ്ചയുണ്ടായതോടെ ഭരണം മെച്ചപ്പെടുത്തണമെന്ന സന്ദേശം മുഖ്യമന്ത്രിയുടെ ഓഫിസ് മന്ത്രിക്കു നല്‍കിയതായും പറയുന്നു. ഉദ്യോഗസ്ഥര്‍ അനാവശ്യമായി ഭരണത്തില്‍ കൈകടത്തുന്ന സ്ഥിതി തുടരുന്നതായാണു പാര്‍ട്ടിയുടെ വിലയിരുത്തല്‍.
എന്നാല്‍ ശൈലജ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന അഭിപ്രായമൊന്നും പാര്‍ട്ടി നേതൃത്വത്തിനില്ല. മറിച്ച്, ഭരണത്തില്‍ വേഗതയുണ്ടാകണമെന്ന അഭിപ്രായമാണുള്ളത്. ഇതിനു വകുപ്പുമാറ്റം എന്ന നിര്‍ദേശം ഇടയ്ക്ക് ഉയര്‍ന്നുവന്നിരുന്നു. പുതുതായി രൂപീകരിക്കുന്ന വനിതാ വകുപ്പിന്റെ ചുമതല ശൈലജയ്ക്കു നല്‍കി ആരോഗ്യവകുപ്പിന്റെ മന്ത്രിയായി പുതിയ ഒരാളെ നിയമിക്കണമെന്ന നിര്‍ദേശമാണ് ഉയര്‍ന്നത്. ജി.സുധാകരന് ആരോഗ്യം നല്‍കണമെന്ന രീതിയിലും അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമുണ്ടായില്ലെന്നാണ് അറിയുന്നത്.
അതിനിടെ ശൈലജയുടെ പ്രൈവറ്റ് സെക്രട്ടറി പി.കെ. സുധീര്‍ ബാബുവിനെ തല്‍സ്ഥാനത്തുനിന്നു മാറ്റിയേക്കുമെന്നും സൂചനയുണ്ട്. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലും ബാലാവകാശ കമ്മിഷന്‍ നിയമനത്തിലും പ്രതിരോധത്തിലായ മന്ത്രിയെ രക്ഷിക്കാന്‍ തല്‍ക്കാലം പ്രൈവറ്റ് സെക്രട്ടറിയെ മാറ്റാമെന്നാണു സിപിഎമ്മിന്റെ തീരുമാനം.
ഹൈക്കോടതിയില്‍നിന്നു പ്രതികൂല പരാമര്‍ശം ഏറ്റുവാങ്ങിയ മന്ത്രി ശൈലജ രാജിവയ്ക്കണമെന്ന ആവശ്യവുമായി അഞ്ചു പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചതു സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇ.പി. ജയരാജന്‍ വിഷയത്തിലും ശൈലജയുടെ വിഷയത്തിലും ഇരട്ട നീതിയാണു നടപ്പാക്കുന്നതെന്ന ആക്ഷേപവും സിപിഎമ്മില്‍ ഒരു വിഭാഗത്തിനുണ്ട്. ഈ പശ്ചാത്തലത്തില്‍ തല്‍ക്കാലം പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി മുഖം രക്ഷിക്കാനാണു സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ആലോചന. ഡപ്യൂട്ടി കലക്റ്റര്‍ പദവിയിലുള്ള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. പകരക്കാരനായി സെക്രട്ടേറിയറ്റിലെ സിപിഎം അനുഭാവിയായ അഡീഷനല്‍ സെക്രട്ടറി പദവിയിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കാനും നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

SHARE