ബ്ലൂ വെയില്‍ ഗെയ്മില്‍ ഞെട്ടിത്തരിച്ച് കേരളം: ഇടുക്കി സ്വദേശിക്കെതിരെ കേസ്, കൊച്ചിയില്‍ കോളജില്‍ വിദ്യാര്‍ഥി ബ്ലൂ വെയ്ല്‍ കളിക്കുന്നതായി വെളിപ്പെടുത്തല്‍

ബ്ലൂ വെയില്‍ ഗെയ്മില്‍ കൂടുതല്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍.ബ്ലൂ വെയില്‍ ഗെയിം പ്രചരിപ്പിച്ചു എന്ന് കാട്ടി ഇടുക്കി സ്വദേശിക്കെതിരെ കേസ്. ഇടുക്കി മുരിക്കാശേരി പൊലീസാണ് ഐടി ആക്ട് പ്രകാരം കേസെടുത്തത്. കൗമാരക്കാരനെ കൗണ്‍സിലിങ്ങിന് വിധേയനാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇയാളുടെ ഫോണ്‍ സൈബര്‍ സെല്ലിന്റെ പരിശോധനയ്ക്ക് അയച്ചു.

അതോടൊപ്പം എറണാകുളം പറവൂരിലെ സ്വകാര്യ കോളജില്‍ വിദ്യാര്‍ഥികള്‍ ജീവന്‍ കവരുന്ന ബ്ലൂ വെയ്ല്‍ കളിക്കുന്നതായി വെളിപ്പെടുത്തല്‍. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് സുഹൃത്തുകള്‍ ഗെയിം കളിക്കുന്നത് വെളിപ്പെടുത്തിയത്. വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് കുട്ടികള്‍ക്കിടെ അന്വേഷണം നടത്തുമെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.

ബ്ലൂ വെയില്‍ ഗെയിമിന്റെ നാല് ഘട്ടങ്ങള്‍ പിന്നിട്ടതായി ഇയാള്‍ സുഹൃത്തിനോടാണ് വെളിപ്പെടുത്തിയത്. കളി തുടങ്ങിയാല്‍ പിന്മാറാനാവില്ലെന്നും ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ശിക്ഷ ലഭിക്കുമെന്നും സംഭാഷണത്തില്‍ യുവാവ് വെളിപ്പെടുത്തുന്നുണ്ട്. ചോദ്യം ചെയ്തു വിട്ടയച്ച ഇയാളെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു.

അതേസമയം, ബ്ലൂ വെയ്ല്‍ ഗെയിം സംബന്ധിച്ച മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. വിവിധ ഇടങ്ങളില്‍ പോലീസ് സൈബര്‍ ഡോമുകള്‍ സ്ഥാപിക്കുമെന്നും ബെഹ്‌റ പ്രഖ്യാപിച്ചു. ബ്ലൂ വെയ്ല്‍ ഗെയിം കളിച്ച് മരണമുണ്ടായതിന് സ്ഥിരീകരണമില്ലെന്ന് നേരത്തെ ബെഹ്‌റ വ്യക്തമാക്കിയിരുന്നു. ഒരാളുടെ മാനസികാവസ്ഥയെ ചൂഷണം ചെയ്യുന്ന ബ്ലൂ വെയ്ല്‍ ഗെയിമിനെ ഒരു കളിയായി കാണാന്‍ സാധിക്കില്ല. എന്നാല്‍ പരിഭ്രമിക്കേണ്ട കാര്യമില്ലെന്നും ഡിജിപി ബെഹ്‌റ പറഞ്ഞിരുന്നു.

SHARE