ആരോപണമുന്നയിക്കുന്നവരെ നിശബ്ദരാക്കാന്‍ തോമസ് ചാണ്ടിയുടെ വെട്ടിനിരത്തല്‍; രാജി ആവശ്യമുയര്‍ത്തിയ യുവനേതാവിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി; യുവജന വിഭാഗത്തെ പിരിച്ചുവിട്ടു

തിരുവനന്തപുരം: ഭൂമികൈയേറ്റം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന ആവശ്യമുയര്‍ത്തിയ എന്‍.സി.പി യുവജന വിഭാഗം പ്രസിഡന്റിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. തോമസ് ചാണ്ടിയുടെ ഹോട്ടല്‍ കയ്യേറ്റം സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് മന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട എന്‍സിപിയുടെ യുവജനവിഭാഗം എന്‍വൈസിയുടെ പ്രസിഡന്റായിരുന്ന മുജീബ് റഹ്മാനെയാണ് പുറത്താക്കിയത്. ഇത് കൂടാതെ പാര്‍ട്ടിയുടെ സംസ്ഥാന യുവജന ഘടകത്തെ പിരിച്ചു വിടുന്നതായും ദേശീയ അദ്ധ്യക്ഷന്‍ രാജീവ് കുമാര്‍ ഝാ അറിയിച്ചു.

തോമസ് ചാണ്ടി രാജിവെക്കണമെന്ന് എന്‍സിപിയിലെ ഒരുവിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എട്ട് ജില്ലാ പ്രസിഡന്റുമാരാണ് ആവശ്യമുന്നയിച്ചത്. എന്‍സിപിയിലെ ഒരു വിഭാഗം നേതാക്കള്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു, ഈ യോഗത്തിലാണ് തോമസ് ചാണ്ടിയുടെ രാജി ആവശ്യം ഉയര്‍ന്നത്.

എന്നാല്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി താന്‍ പാര്‍ട്ടിയില്‍ തുടരില്ലെന്നും മന്ത്രിയുടെ രാജി ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായും മുജീബ് പ്രതികരിച്ചു. തോമസ് ചാണ്ടി നടത്തിയത് കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു.

SHARE