ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ഓണാഘോഷം മുടങ്ങില്ല;പരീക്ഷാ ടൈംടേബിള്‍ പുനഃക്രമീകരിച്ചു

കൊട്ടാരക്കര: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ഓണാഘോഷത്തിന് മു
ക്കം ഉണ്ടാവില്ല. നേരത്തെ ആഘോഷം മുടങ്ങുന്ന രീതിയിലുള്ള പരീക്ഷാ ടൈംടേബിള്‍ ഡയറക്ടറേറ്റ് പുനഃക്രമീകരിച്ചതോടെയാണ് ഒണാഘോഷത്തിന് വഴിയൊരുങ്ങിയത്. സ്‌കൂളുകളില്‍ ഓണാഘോഷം നടക്കേണ്ട 31ന് രാവിലെയും ഉച്ചയ്ക്കും പരീക്ഷ നിശ്ചയിച്ചിന്നു. ഇത് വാര്‍ത്തയായതോടെയാണ് ടൈംടേബിള്‍ പുനഃക്രമീകരിച്ചത്. തുടര്‍ന്ന് 31ലെ പരീക്ഷ ഒഴിവാക്കിയതിനൊപ്പം 25ന് വിനായകചതുര്‍ഥിനാളില്‍ നടത്താനിരുന്ന പരീക്ഷയും ഒഴിവാക്കി.

അധ്യയനസമയം ഓണാഘോഷം പാടില്ലെന്ന സര്‍ക്കുലര്‍ ഇറക്കി കഴിഞ്ഞവര്‍ഷം ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് വിവാദത്തില്‍പ്പെട്ടിരുന്നു. ഇക്കുറി സര്‍ക്കുലര്‍ ഇല്ലായിരുന്നെങ്കിലും ആഘോഷം നടക്കേണ്ട ദിവസം രണ്ടുപരീക്ഷ നിശ്ചയിച്ചത് പ്രതിഷേധത്തിന് കാരണമായി. 21ന് ആരംഭിക്കുന്ന പരീക്ഷ 31ന് അവസാനിക്കുന്ന രീതിയിലായിരുന്നു ടൈംടേബിള്‍. അന്നുതന്നെയാണ് സ്‌കൂളുകള്‍ ഒണാവധിക്കായി അടയ്ക്കുന്നതും.

അവസാനദിനം ഓണാഘോഷം നടത്തുകയെന്നതാണ് സ്‌കൂളുകളിലെ പതിവ്. എന്നാല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ അന്ന് രാവിലെയും ഉച്ചയ്ക്കും പരീക്ഷ നടത്തുന്നത് ദുരുദ്ദേശ്യപരമാണെന്ന് അധ്യാപകസംഘടനകളും ആരോപിച്ചു. സെപ്റ്റംബര്‍ ഒന്ന് പെരുന്നാളും രണ്ട് ശനിയാഴ്ചയുമായതിനാല്‍ ആ ദിവസങ്ങളിലും സ്‌കൂളുകളില്‍ ഓണാഘോഷം നടക്കില്ല.

പ്രതിഷേധമുയര്‍ന്നതോടെ 31ലെ പരീക്ഷകള്‍ ഒഴിവാക്കി. പകരം 24, 29, 30 തീയതികളില്‍ രാവിലെയും ഉച്ചയ്ക്കും പരീക്ഷകള്‍ ഉള്‍പ്പെടുത്തി. ഇതോടെ 30ന് പരീക്ഷകള്‍ പൂര്‍ത്തിയാവുകയും 31ന് മറ്റ് വിദ്യാര്‍ഥികള്‍ക്കൊപ്പം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കും ഓണാഘോഷം നടത്തുകയും ചെയ്യാം.

ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് സ്വന്തമായി ചോദ്യങ്ങള്‍ തയ്യാറാക്കി നടത്തുന്ന ആദ്യപരീക്ഷയാണിത്. ഡയറക്ടറേറ്റ് നേരിട്ടുനടത്തുന്ന അദ്യത്തേതും അവസാനത്തേതുമായ പരീക്ഷയാകും ഓണപ്പരീക്ഷ. അടുത്ത പരീക്ഷമുതല്‍ ഓണ്‍ലൈനില്‍ ചോദ്യപേപ്പറുകള്‍ ലഭ്യമാക്കാനാണ് പദ്ധതി. അതത് സ്‌കൂളുകളില്‍ പ്രഥമാധ്യാപകര്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാം.

SHARE